എം.സി റോഡില്‍ നിറയെ വെള്ളക്കെട്ട്: യാത്ര ദുഷ്‌കരമാകുന്നു
ഏറ്റുമാനൂര്‍: ആധുനികരീതിയില്‍ നവീകരിച്ചിട്ടും എം.സി റോഡില്‍ ഗതാഗതം ക്ലേശകരമാകുന്നു. മഴ കനത്തതോടെ റോഡില്‍ നിറയെ വെള്ളകെട്ടുകള്‍ രൂപപ്പെട്ടു തുടങ്ങി. ഓടകളും കലുങ്കുകളും ആവശ്യത്തിനുണ്ടെങ്കിലും വെള്ളം ഒഴുകിപോകാതെ റോഡില്‍ തന്നെ കെട്ടികിടക്കുന്നത് നിര്‍മ്മാണത്തിലെ അശാസ്ത്രീയത കൊണ്ടാമെന്നു വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
ഏറ്റുമാനൂര്‍ വിമല ആശുപത്രിക്ക് സമീപവും തെള്ളകം മാതാ ആശുപത്രിക്ക് മുന്നിലും മഴക്കാലത്ത് സ്ഥിരമായി പ്രത്യക്ഷപെടുന്ന വെള്ളകെട്ടുകള്‍ റോഡ് നവീകരിച്ചിട്ടും മാറ്റാനായില്ല. വിമല ആശുപത്രിക്ക് സമീപം വെള്ളകെട്ട് ഒഴിവാക്കാന്‍ ഓടയും പുതിയ കലിങ്കും നിര്‍മ്മിച്ചിരുന്നു. പക്ഷെ വെള്ളം ഈ വഴി ഒഴുകുന്നില്ലെന്നു മാത്രം. വാഹനങ്ങളുടെ പരക്കം പാചിലിനിടെ കാല്‍നട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
മാതാ ആശുപത്രിക്ക് മുന്നിലും വെള്ളകെട്ടു മാറ്റാന്‍ ഓടയും കലിങ്കും പണിതുട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കെ എസ് ടി പിയുടെ കരാറുകാര്‍ ഓടകള്‍ പണിയുന്നത് പലതും നീരൊഴുക്ക് കണക്കാക്കിയല്ലെന്നും അശാസ്ത്രീയമായിട്ടാണെന്നും നിര്‍മ്മാണവേളയില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. റോഡ് നിര്‍മ്മാണത്തിലും ഒട്ടേറെ അപാകതകള്‍ സംഭവിച്ചിരുന്നു.
മാലിന്യം അടിഞ്ഞു ഓടകള്‍ അടഞ്ഞത് മഴവെള്ളം ഒഴുകാതെ റോഡില്‍ കെട്ടികിടക്കുന്ന കാഴ്ച ഏറ്റുമാനൂര്‍ നഗരത്തിലും പതിവായി. മത്സ്യ മാര്‍ക്കറ്റിലെയും പച്ചക്കറി മാര്‍ക്കറ്റിലെയും മാലിന്യങ്ങളാണ് ഇതില്‍ ഏറെയും. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും ശക്തി നഗറിലേക്കുള്ള വികെ ബി റോഡില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം പൊങ്ങി ഗതാഗതം തടസപെട്ടിരുന്നു. പേരൂര്‍ ജങ്ക്ഷനിലും പാലാ റോഡിലും ഇതേ അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."