വൈദ്യുതി ചാര്‍ജ് കുടിശികനിവാരണം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: രണ്ടുവര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിന് കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വൈദ്യുതി നിയമം 2003 ന്റെ സെക്ഷന്‍ 126 അനുസരിച്ച് അനധികൃത വൈദ്യുതി ഉപയോഗത്തിന് നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ മുന്‍പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി നിയമം 2003 ന്റെ സെക്ഷന്‍ 135 അനുസരിച്ച് വൈദ്യുതി മോഷണക്കുറ്റത്തിന്‍മേല്‍ നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല.
2018 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി. രണ്ടു മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശികകള്‍ക്ക് നിലവിലെ 18 ശതമാനം പലിശയ്ക്ക് പകരമായി 8 ശതമാനവും 5 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശികയ്ക്ക് 6 ശതമാനവും പലിശ നല്‍കിയാല്‍ മതിയാകും. പലിശത്തുക 6 തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍ പലിശയടക്കമുള്ള കുടിശികത്തുക ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് പലിശയിന്‍മേല്‍ വീണ്ടും 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ഉപഭോക്താക്കള്‍ക്ക് കുടിശികത്തുകയടയ്ക്കുന്നതിന് 12 ശതമാനം പലിശ നിരക്കില്‍ 6 മാസത്തെ തവണകളും ആവശ്യമെങ്കില്‍ അനുവദിക്കും.
ഇളക്കിമാറ്റപ്പെട്ട കണക്ഷനുകള്‍ക്ക് പരമാവധി 6 മാസത്തെ ഡിമാന്റ് ചാര്‍ജ്ഫിക്‌സഡ് ചാര്‍ജ് നല്‍കിയാല്‍ അവര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കുന്നതാണ്. അടച്ചുപൂട്ടിയ വ്യവസായശാലകള്‍ക്കും തോട്ടങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
എല്‍.ടി വിഭാഗത്തിലെ ഉപഭോക്താക്കള്‍ അതാത് സെക്ഷന്‍ ഓഫിസിലും എച്ച്.ടി, ഇ.എച്ച്.റ്റി വിഭാഗത്തിലെ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫിസര്‍ റെവന്യുവിന്റെ ഓഫിസിലും 2018 ഓഗസ്റ്റ് 31 ന് മുന്‍പായി കുടിശിക തീര്‍ക്കാനുള്ള അപേക്ഷ നല്‍കണം.
വൈദ്യുതി ചാര്‍ജ് കുടിശികയുള്ള എല്ലാ ഉപഭോക്താക്കളും ഈ അവസരം വിനിയോഗിച്ച് കുടിശികതീര്‍ത്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."