കനത്ത മഴ; കുളത്തൂപ്പുഴയില്‍ വ്യാപക നാശനഷ്ടം
കുളത്തൂപ്പുഴ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ കുളത്തൂപ്പുഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. ഡീസന്റ് മുക്കിന് സമീപം വട്ടമല പുത്തന്‍വീട്ടില്‍ വിശ്വംഭരന്റെ പഴയ വീട്ടിലേക്ക് തേക്കുമരം പിഴുതുവീണാണ് നാശം വിതച്ചത്.
ഇവിടെ താമസിച്ചിരുന്ന കുടുംബം വീട് പൂട്ടി പുറത്തുപോയിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുത ബന്ധം തകരാറിലായി.
ഇതിനുപുറമേ ആറ്റിനുകിഴക്കേക്കരയില്‍ ഒരു വ്യക്തിയുടെ വീട്ടുപുരയിടത്തിലെ റബ്ബര്‍ മരം ഒടിഞ്ഞ് വൈദ്യുത ലൈനും തകര്‍ത്ത് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. വൈദ്യുതി വിതരണം ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം.
കനത്ത മഴയായതിനാല്‍ റോഡില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. വൈദ്യുതിവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇലക്ട്രിക് തൂണുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാനായില്ല. കൂവക്കാട്, ഓന്തുപച്ച, ഡാലി, ആറ്റിനുകിഴക്കേക്കര എന്നിവിടങ്ങളിലാണ് മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതബന്ധം നിലച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."