ശക്തമായ കാറ്റില്‍ വ്യാപക നാശം
കൈപ്പമംഗലം : കനത്ത കാറ്റിലും മഴയിലും എടത്തിരുത്തിയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു.
സര്‍ദാര്‍ വായനശാലക്ക് സമീപം അറക്കപറമ്പില്‍ ശാന്തയുടെ ഓടിട്ട വീടിന് മുകളില്‍ ഐനിമരം ഒടിഞ്ഞു വീണ് വീട് തകര്‍ന്നു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. തൊട്ടടുത്ത കൊരട്ടില്‍ ആനന്ദന്റെ വീടിന് മുകളിലും തെങ്ങ് ഒടിഞ്ഞുവീണ് വാര്‍ക്ക തകര്‍ന്നു.
സമീപത്തെ രണ്ടു വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. കുട്ടമംഗലം കനാലിനടുത്ത് പാമ്പൂരി പുഷ്പാങ്കതന്റെ വീടിന് മുകളിലും, 110 കെ.വി വൈദ്യുതി ലൈനിലും ഐനിമരം ഒടിഞ്ഞുവീണു.
മതിലകം കൂളിമുട്ടം ഭജനമഠം ചെട്ടിപറമ്പില്‍ കാര്‍ത്ത്യായിനി അശോകന്റെ ഓടിട്ട വീടിന് മുകളില്‍ തേക്ക് മരം ഒടിഞ്ഞു വീണ് വീട് തകര്‍ന്നു. തെക്കൂട്ട് വിശ്വനാഥന്റെ വീട്ടുമതിലും തകര്‍ന്നിട്ടുണ്ട്.
ചെങ്ങാലൂര്‍ : തേക്കു കടപുഴകി വീണു വീട് തകര്‍ന്നു. ചെങ്ങാലൂര്‍ വിളക്കപ്പാടി ചന്ദ്രന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.
വീടിന്റെ മുകളിലെ ഗോവണി മുറിയും തകര്‍ന്നു. വീടിനകത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വടക്കാഞ്ചേരി : ശക്തമായ കാറ്റിലും മഴയിലും റോഡിനു കുറുകെ വൈദ്യുതി കമ്പിയിലേക്കു പുളിമരം കടപുഴകി വീണു.
കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിലാണു സംഭവം. വൈദ്യുതി കമ്പികള്‍ പൊട്ടിയതിനാല്‍ ഏറെ നേരം വൈദ്യുതി വിതരണവും നിലച്ചു.
നാട്ടുകാര്‍ ചേര്‍ന്നു പുളിമരം മുറിച്ച് മാറ്റിയാണ് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്. വിവരം അറിയിച്ചിട്ടും വൈദ്യുതി ജീവനക്കാര്‍ സംഭവസ്ഥലത്തു എത്താന്‍ വൈകിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."