അംഗീകരിക്കാന്‍ ആരുമെത്തിയില്ലെങ്കിലും പത്തു സെന്റിലും പൊന്നു വിളയിച്ച് ഹൈദര്‍
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമലശേരി മാറാടി കോള്‍പാടത്ത് ജൈവകൃഷി നടത്തിവരുന്ന ഹൈദറിനെ അംഗീകാരങ്ങളും ആദരവും തേടി എത്തിയില്ലെങ്കിലും ഈ ജൈവകര്ഷകന് തന്റെ ദൗത്യവുമായി കഴിഞ്ഞ പത്തുവര്‍ഷമായി പച്ചക്കറി കൃഷിയില്‍ സജീവമാണ്.
പത്തു സെന്റിലധികം സ്ഥലത്തു കൃഷി നടത്തുന്ന ഹൈദര്‍ വിളവെടുക്കുന്ന ഇനങ്ങളെല്ലാം പലപ്പോഴും വില ഈടാക്കാതെ പരിസരവാസികള്‍ക്ക് നല്‍കാറാണ് പതിവ്. പയര്‍, വെണ്ട, വെള്ളരി, മത്ത, പടവലം, ചീര, കൈപ്പ, കക്കരി തുടങ്ങി എല്ലാ ഇനങ്ങളും തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്തു വരുന്നു.
നാട്ടിലെ മറ്റു കര്‍ഷകര്‍ക്കെല്ലാം മാതൃകയായ രീതിയില്‍ വിജയകരമായി കൃഷി നടത്തിയിട്ടും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്കുന്ന ഒരു അംഗീകാരവും ഹൈദറിനെ തേടി എത്താറില്ല. ഇതിനു കാരണമായി അധികൃതര്‍ പറയുന്നത് ഇദ്ദേഹം ഈ നാട്ടുകാരനല്ല എന്നതാണ്. പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയായ ഹൈദര്‍ മുപ്പത് വര്‍ഷത്തിലധികമായി നാടന്‍ പണികളുമായി താമലശ്ശേരിയില്‍ സജീവമാണ്. അംഗീകാരം ലഭിച്ചാലും ഇല്ലെങ്കിലും അടുത്ത വര്‍ഷവും ജൈവകൃഷിയുമായി ഇവിടെ ഒക്കെ കാണും എന്ന് ഹൈദര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."