അഹല്യയില്‍ തൊഴില്‍പീഡനമെന്ന്: യുവതിയുടെ കുത്തിയിരുപ്പ് സമരത്തിനെതിരേ മാനേജ്‌മെന്റ് ഭീഷണി
സ്വന്തം ലേഖകന്‍
പാലക്കാട് : കോഴിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അഹല്യഗ്രൂപ്പ് സ്ഥാപനങ്ങളില്‍ കടുത്ത തൊഴില്‍പീഡനമെന്ന് ജീവനക്കാരിയായ യുവതി. പീഡനം ചോദ്യം ചെയ്തതിന് സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയ മാനെജ്‌മെന്റ് നടപടിക്കെതിരേ യുവതി അഹല്യയുടെ പ്രധാന കവാടത്തിനുമുന്നില്‍ കുത്തിയിരുപ്പ് സമരം തുടങ്ങി. അതേസമയം സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ താക്കീത് ചെയ്തതായും യുവതി വ്യക്തമാക്കി.
കവാടത്തിനുമുന്നിലുള്ള വെളിച്ച സംവിധാനങ്ങളില്‍ രാത്രിയില്‍ ഓഫാക്കുമെന്നും പിന്നീട് ഇരുട്ടിന്റെ മറവില്‍ നടക്കുന്ന കാര്യങ്ങള്‍ക്കൊന്നും തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ അറിയിച്ചതായി അഹല്യയിലെ ജീവനക്കാരിയും പി.എച്ച്.ഡി ബിരുദദാരിയുമായ ഇരിഞ്ഞാലക്കുട സ്വദേശിനി സുപ്രഭാതത്തോട് പറഞ്ഞു. പത്രത്തില്‍ പരസ്യം കണ്ടാണ് 2016 ഡിസംബറില്‍ യുവതി പാലക്കാട്ടെത്തിയത്. മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് നടത്തിയ അഭിമുഖത്തില്‍ ജോലിക്കായി തെരഞ്ഞെടുക്കുകയും അഹല്യ കണ്ണാശുപത്രിയില്‍ ജോലി നല്‍കുകയും ചെയ്തു. ലൈബ്രറി സയന്‍സില്‍ ഉന്നത ബിരുദമുള്ള തന്നെ ഒറ്റപ്പെടുത്താനും പ്രയാസപ്പെടുത്താനും ചിലര്‍ ചേര്‍ന്ന് ശ്രമിച്ചുവെന്നും മിഡില്‍ മാനെജ്‌മെന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ നേതൃത്വത്തിലാണ് തൊഴില്‍പീഡനങ്ങളും ഭീഷണികളും നടക്കുന്നതെന്നുമാണ് യുവതി ആരോപിക്കുന്നത്.
സമരം തുടങ്ങിയതോടെ പൊതുപ്രവര്‍ത്തകരും ചില രാഷ്ട്രീയ പാര്‍ട്ടികളും യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമരം തുടങ്ങിയതോടെ യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് സസ്‌പെന്റ് ചെയ്തതെന്നു കാണിച്ച് മാനെജ്‌മെന്റ് കൊഴിഞ്ഞാമ്പാറ, കസബ സ്റ്റേഷനുകളില്‍ യുവതിയുടെ സമരത്തിനെതിരേ പരാതി കൊടുത്തിരിക്കുകയാണ്.
അതേസമയം യുവതിയുടെ പരാതി കിട്ടിയിട്ടുണ്ടെന്നും പരാതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ സുപ്രഭാതത്തെ അറിയിച്ചു. അതേ സമയം സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോള്‍ ധിക്കാരപരമായ സമീപനമാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."