മുളിയാര്‍ സി.എച്ച്.സി ലാബിനു മുന്നില്‍ രോഗികള്‍ ' ക്യൂവിലാണ് '
ബോവിക്കാനം: മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികളെ ലാബിലെ പരിശോധനക്കു ശേഷമാണ് ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ണയിക്കുന്നത്.
ദിവസേനയെത്തുന്ന മുന്നൂറോളം രോഗികളില്‍ ഇരുന്നൂറോളം പേരാണ് ലാബില്‍ പരിശോധനക്കായി എത്തുന്നത്. വിശദമായ പരിശോധന നടത്തേണ്ടതിനാല്‍ ഓരോ രോഗിയുടെയും പരിശോധനയ്ക്കു മണിക്കൂറുകളോളം വേണ്ടിവരുന്നു.
ഇവിടെയുള്ള രണ്ടു ജീവനക്കാര്‍ ഇത്രയും രോഗികളുടെ പരിശോധനക്കു സമയമെടുക്കുന്നതിനാല്‍ പരിശോധനയുടെ റിപ്പോര്‍ട്ടുമായെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ പോയിരിക്കും. റിപ്പോര്‍ട്ട് കാണിച്ചു മരുന്നു വാങ്ങാന്‍ പിറ്റേ ദിവസം വീണ്ടും വരേണ്ട സ്ഥിയാണ്. ഇതു കാരണം പല രോഗികള്‍ക്കും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. അതിനു പുറമെ ഇടക്കിടെയുള്ള വൈദ്യുതി മുടക്കവും പരിശോധനാ ഫലം വൈകാന്‍ കാരണമാവുന്നു.
കാറഡുക്ക, ബെള്ളൂര്‍, ദേലംപാടി പി.എച്ച്.സികളില്‍ ഡെങ്കിപ്പനി നിര്‍ണയിക്കാന്‍ പ്രഥമിക പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ പ്രദേശത്തുള്ളവരും മുളിയാര്‍ സി.എച്ച്.സിയിലെ ലാബിനെയാണ് ആശ്രയിക്കുന്നത്. ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലാത്ത സ്ഥലത്താണ് ലാബുള്ളത്. രോഗികള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ സമീപത്തെ നിരീക്ഷണ വാര്‍ഡുകളിലേക്കു നടന്നു പോകാനും കഴിയാത്ത അവസ്ഥയാണ്. ദീര്‍ഘനേരം നിര്‍ക്കാന്‍ കഴിയാത്ത രോഗികളാണ് ആവശ്യമായ ഇരിപ്പിടമില്ലാത്തതിനാല്‍ ഏറെ ദുരിതമനുഭവിക്കുന്നത്. പനി പ്രതിരോധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സി.എച്ച്.സി ലാബില്‍ താല്‍ക്കാലികമായെങ്കിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."