അഴിമുഖം അടഞ്ഞു: അരവത്ത് പ്രദേശം വെള്ളത്തില്‍ മുങ്ങി
ബേക്കല്‍: പൂഴി അടിഞ്ഞ് അഴിമുഖം അടഞ്ഞതിനെ തുടര്‍ന്ന് അരവത്ത് പ്രദേശം വെള്ളത്തില്‍ മുങ്ങി. ബേക്കല്‍പുഴയിലെ അഴിമുഖമാണു പൂഴിയും മാലിന്യവും അടിഞ്ഞുകൂടിയതു കാരണം അടഞ്ഞത്. ഇതേ തുടര്‍ന്ന് അരവത്ത് പ്രദേശത്തെ ഏക്കര്‍ കണക്കിനു നെല്‍വയല്‍ വെള്ളത്തില്‍ മുങ്ങി.
അഴിമുഖം സ്വാഭാവികമായി തുറക്കപ്പെട്ടില്ലെങ്കില്‍ പാടത്ത് ഒന്നാം വിളയിറക്കുന്നതു വൈകും. ഇതിനു പുറമെ ഒന്നാം വിളയ്ക്കായി തയാറാക്കിയ ഞാറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിക്കും. അരവത്ത്, തിരുവക്കോളി വയലുകളാണ് അഴിയടഞ്ഞതിനെ തുടര്‍ന്നു വെള്ളത്തിനടിയിലായത്. അഴിമുഖം അടഞ്ഞു പുഴ നിറഞ്ഞതോടെ തോടുകളിലെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നു.
ഇതോടെയാണ് തോടുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകി വയലുകളില്‍ വെള്ളം കയറിയത്. മുന്‍കാലങ്ങളില്‍ അഴിമുഖം അടഞ്ഞാല്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ അഴികൊത്തി മാറ്റുകയായിരുന്നു രീതി. എന്നാല്‍ പഴയ കര്‍ഷകരെല്ലാം രംഗം വിട്ടതോടെ പുതിയ തലമുറയ്ക്ക് ഇത്തരം ജോലികളൊന്നും വശമില്ല. അത്യന്തം ജാഗ്രത ആവശ്യമുള്ള പ്രവൃത്തിയാണ് അഴികൊത്തല്‍. അല്ലെങ്കില്‍ അഴികൊത്തല്‍ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരുടെ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന സ്ഥിതിയുണ്ടാകും. ഇതു കണക്കിലെടുത്തു ജെ.സി.ബി ഉപയോഗിച്ചാണ് സമീപകാലത്ത് അഴികൊത്തല്‍ നടത്താറ്. എന്നാല്‍ ഇതിനു ഭാരിച്ച തുക വേണ്ടി വരുന്നതിനാല്‍ ഇതിനും കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."