പൊലിസ് സംരക്ഷണത്തില്‍ വീണ്ടും ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മാണം
ചങ്ങരംകുളം: ജില്ലാ അതിര്‍ത്തിയില്‍ കുടുംബങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മാണം. പൊലിസ് സംരക്ഷണത്തില്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മാണം തുടങ്ങിയതോടെ പ്രദേശത്തുകാര്‍ ഭീതിയിലും പ്രതിഷേധത്തിലുമാണ്.
സംസ്ഥാനത്തെ റോഡ് മാര്‍ഗമുള്ള പാചക വാതക കൈമാറ്റം കുറച്ച് അപകടം കുറക്കുന്നതിനാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പാചക വാതകം കൈമാറാന്‍ പൈപ്പ്‌ലൈന്‍ ഉപയോഗിക്കുന്ന പുതിയ പദ്ധതി കൊണ്ടുവന്നത്. ഇതിനായി എറണാകുളത്തുനിന്നു മംഗലാപുരത്തേക്കാണ് ഗെയില്‍ പദ്ധതി പ്രകാരമുള്ള പൈപ്പ്‌ലൈന്‍ നിര്‍മിക്കുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍കൂടിയാണ് പ്രധാനമായും ഈ ലൈന്‍ പോകുന്നതെങ്കിലും പലയിടത്തും മലപ്പുറം ജില്ലാ അതിര്‍ത്തിക്കു സമാന്തരമായാണ്‌പൈപ്പ് ലൈന്‍.
പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോക്കൂരില്‍ പലരുടേയും വീടിനു പിറകുവശത്തുകൂടിയാണ് ലൈന്‍ കടന്നുപോകുന്നത്. പദ്ധതിയുടെ ആരംഭത്തില്‍തന്നെ പാലക്കാട് ജില്ലക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, ജില്ലാ അതിര്‍ത്തിക്കും സമാന്തരമായി മലപ്പുറം ജില്ലയെയും ബാധിക്കുന്ന തരത്തിലാണ് ലൈനിന്റെ നിര്‍മാണമെന്നു കഴിഞ്ഞ ദിവസങ്ങളിലാണ് പ്രദേശവാസികള്‍ അറിഞ്ഞത്. പൈപ്പ്‌ലൈന്‍ കൂടാതെ ഓരോ പതിനാറു കിലോമീറ്ററിലും സ്ഥാപിക്കുന്ന വാല്‍വ് കണ്‍ട്രോള്‍ റൂമും ജില്ലാ അതിര്‍ത്തിയായ ചാലിശ്ശേരിക്കടുത്തു കരിമ്പയില്‍ വരുന്നതും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇത്തരം കണ്‍ട്രോള്‍ റൂമുകള്‍ അപകടം വരുത്തുമെന്നാരോപിച്ച് പലയിടങ്ങളിലും പ്രവൃത്തികള്‍ നാട്ടുകാര്‍ തടയുകയും പൊലിസെത്തി നാട്ടുകാരെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു വിവിധയിടങ്ങളിലെ നാട്ടുകാര്‍ സംഘടിച്ചു ശക്തമായ സമരപരിപാടി ആരംഭിച്ചതോടെ പ്രവൃത്തികള്‍ നിലച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറു സ്ത്രീകളും ഒരു കുട്ടിയും അടക്കം 62 പേരെ പൊലിസ് അറസ്റ്റ് ചെയ്തതോടെ വിഷയം തൃത്താല എം.എല്‍.എ വി.ടി ബല്‍റാം നിയമസഭയില്‍ ഉന്നയിച്ചു. എന്നാല്‍, എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു. വീണ്ടും പ്രവൃത്തികള്‍ തടസപ്പെട്ടതോടെ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെത്തി വാല്‍വ് കണ്‍ട്രോള്‍ റൂമിനെക്കുറിച്ച് സമരക്കാരുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനെ തുടര്‍ന്നു നിര്‍ത്തിവച്ച പ്രവൃത്തികള്‍ വീണ്ടും പൊലിസ് സംരക്ഷണത്തോടെ ആരംഭിച്ചതോടെ ആശങ്കയിലാണ് ഇരു ജില്ലക്കാരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."