മഴക്കാല ദുരിതവും പേറി കരിമം കോളനി
പുല്‍പ്പള്ളി: ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും യഥാര്‍ഥ വികസനം ഇതാണോ എന്ന് സംശയിച്ചുപോകും പുല്‍പ്പള്ളി കരിമം കോളനിയിലെ കാഴ്ച കണ്ടാല്‍. മഴക്കാലമായാല്‍ ഇവരുടെ ജീവിതം ദുരിതമാവുകയാണ്.
പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റേതുമായി 40 ഓളം വീടുകളാണുള്ളത്. ഇതില്‍ മിക്കതും ചോര്‍ന്നൊലിക്കുന്നവയാണ്. ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ആറു വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ചോര്‍ന്ന് വീടുകളിലേക്ക് വെള്ളം ഒലിച്ചിറങ്ങുകയാണ്. സ്വകാര്യ കരാറുകാരന്‍ നിര്‍മിച്ച മിക്ക വീടുകളുടെയും അവസ്ഥ ഇതാണെന്ന് കോളനിക്കാര്‍ പറയുന്നു. കോളനിയിലെ ശാരദയുടെയും 15 വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ തങ്കയുടെയും വീടിന്റെ അവസ്ഥ കുറച്ചുകൂടി മോശമാണ്. ഇവരുടെ വീടിന് വാതിലുകളും ജനലുകളുമില്ല. കോളനിയിലേക്കുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. കോണ്‍ക്രീറ്റ് റോഡാണെങ്കിലും സൈഡില്‍ ഓവുചാലുകളില്ലാത്തതിനാല്‍ മഴക്കാലത്ത് ചെളിമണ്ണ് ഒഴുകിയെത്തി സഞ്ചാരയോഗ്യമല്ലാതാവുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കോളനിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ല. പഞ്ചായത്ത് അധികൃതരുടെ വിളിപ്പാടകലെയാണെങ്കിലും തങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നാണ് കോളനിക്കാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."