പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും നിര്‍മാണം തുടര്‍ന്നു
മാനന്തവാടി: കാലപ്പഴക്കത്താല്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊളിച്ച് മാറ്റണമെന്ന് സബ് കലക്ടര്‍ മുമ്പ് ഉത്തരവ് നല്‍കിയ കെട്ടിടത്തില്‍ വീണ്ടും നിര്‍മാണ പ്രവൃത്തികള്‍. മാനന്തവാടി-തലശ്ശേരി റോഡിലാണ് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതരും നഗരസഭാ അധികൃതരും പ്രവൃത്തികള്‍ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പകുതി പൊളിച്ച കെട്ടിടത്തിന്റെ മുകളില്‍ ഷീറ്റും ഇരുമ്പ് പൈപ്പുമിട്ട് കടമുറിയാക്കാനുള്ള പ്രവൃത്തികളാണ് നടത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെയോടെ വീണ്ടും പ്രവൃത്തികള്‍ ആരംഭിക്കുകയും ഇഷ്ടികയും ഹോളോബ്രിക്‌സും ഉപയോഗിച്ച് ചുമര്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ഥലമുടമയുടെ സഹായി അസഭ്യവര്‍ഷവുമായി തട്ടിക്കയറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ നഗരസഭ ബോര്‍ഡ് മീറ്റിങില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഉന്നയിക്കുകയും അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഴുവന്‍ അംഗങ്ങളും ഐക്യകണ്‌ഠേന യോഗത്തില്‍ ആവശ്യപ്പെടുകയും ചയ്തു. തുടര്‍ന്ന് സെക്രട്ടറി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. പ്രവൃത്തികള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അസി.എന്‍ജിനീയറില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മാണം തുടര്‍ന്നാല്‍ നിര്‍മാണത്തിനായി ഇറക്കി വെച്ചിട്ടുള്ള സാമഗ്രികള്‍ പൊലിസിന്റെ സഹായത്തോടെ കണ്ട് കെട്ടുമെന്നും സെക്രട്ടറി അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരേ രംഗത്ത് വന്ന ഭരണകക്ഷിയിലെ പാര്‍ട്ടിയില്‍പ്പെട്ട ചില ഭാരവാഹികളും പ്രവര്‍ത്തകരും ഇപ്പോള്‍ മൗനം പാലിക്കുന്നത് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."