ആര്‍ദ്രം പദ്ധതി തുടങ്ങി;രോഗികള്‍ക്ക് ഇനി കുടുംബ ഡോക്ടര്‍
പനമരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആര്‍ദ്രം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ നൂല്‍പ്പുഴ, വെങ്ങപ്പള്ളി, പൂതാടി, അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുക.
ഇതിന് വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി ആരംഭിക്കുന്നതോടെ ഈ ആശുപത്രികളില്‍ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ജനറിക് മരുന്നുകള്‍ മിതമായ വിലക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകും. ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര്, എന്നിവരെ നിയമിക്കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
പദ്ധതി നടപ്പാകുന്നതോടെ കുടുംബ ഡോക്ടര്‍ വഴി മികച്ച ചികിത്സ സാധാരണക്കാര്‍ക്ക് ഉള്‍പെടെ ലഭ്യമാകും. ഒപ്പം ചികിത്സാ ചെലവ് കുറക്കാനും കഴിയും. ഇതിനായി ആരോഗ്യ കാര്‍ഡ് തയാറാക്കി രോഗ വിവരങ്ങള്‍ ശേഖരിക്കും.
കുടുംബ ഡോക്ടര്‍ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും വികസനവും രോഗികള്‍ക്ക് സഹായങ്ങളും ഉറപ്പ് വരുത്തുന്നതാണ് ആര്‍ദ്രം പദ്ധതി.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും കേന്ദ്രീകരിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക്, മെഡിക്കല്‍ കോളജ് ആശുപത്രികളിലും നടപ്പാക്കും.
14 ജില്ലകളില്‍ നിന്നായി 171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നുത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരത്ത് ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അധ്യക്ഷയായി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ മുഖ്യാതിഥിതിയായിരുന്നു. ആര്‍ദ്രം പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.ദിനീഷ് പദ്ധതി വിശദീകരണം നടത്തി.
നൂല്‍പ്പുഴ മെഡിക്കല്‍ ഓഫിസര്‍ ഡോ.ദാഹിര്‍ മുഹമ്മദ് വിവിധ ആരോഗ്യപദ്ധതികളുടെ മാതൃകകള്‍ അവതരിപ്പിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അഭിലാഷ് സ്വാഗതവും ജില്ലാ ആര്‍സി.എച്ച് ഓഫിസര്‍ ഡോ. വി ജിതേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."