ചെറുവത്തൂര്‍ ഉപജില്ലയില്‍ മിക്ക സ്കൂള്‍ ഓഫിസുകളും അടഞ്ഞുകിടക്കുന്നു; ഡി.ഇ.ഒ പരിശോധന നടത്തി
തൃക്കരിപ്പൂര്‍: രാവിലെ മുതല്‍ വൈകിട്ടുവരെ തുറന്നു പ്രവര്‍ത്തിക്കേണ്ട ചെറുവത്തൂര്‍ ഉപജില്ലയിലെ ചില സ്കൂളുകളുടെ ഓഫിസ് അടഞ്ഞുകിടക്കുന്നു. സ്കൂള്‍ ഓഫിസുകള്‍ പൂട്ടിക്കിടക്കുന്നതു സംബന്ധിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്കു പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.ഇ.ഒ പ്രകാശ്കുമാര് ചെറുവത്തൂര്‍ ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നടത്തിയ പരിശോധനയിലാണ് സ്കൂള്‍ ഓഫിസുകള്‍ പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്.
പൂട്ടികിടക്കുന്ന സ്കൂളിലെ പ്രധാനധ്യാപകര്‍ ടൂറിലാണെന്ന വിവരമാണു ലഭ്യമാകുന്നത്. സ്കൂള്‍ പ്രവേശനത്തിനും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കു ബന്ധപ്പെടുന്നതിനുമായി സ്കൂള്‍ ഓഫിസ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാണ് ചട്ടം. പല സ്കൂളിലെയും പ്രധാനധ്യാപകര്‍ പകരം ചാര്‍ജ് ഏല്‍പ്പിക്കാതെയാണ് അവധി രേഖപ്പെടുത്തി വിനോദത്തിനായി പുറപ്പെട്ടതെന്നാണു ചില രക്ഷിതാക്കളുടെ പരാതി. സ്കൂള്‍ പരിശോധനക്കെത്തിയ ഡി.ഇ.ഒക്ക് പരാതി ബോധ്യപ്പെട്ടതായി അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."