സെന്റ് പീറ്റേഴ്സ്ബര്‍ഗ് മെട്രോയിലെ സ്ഫോടനം പ്രതിയെ തിരിച്ചറിഞ്ഞു; മരണസംഖ്യ 14 ആയി
മോസ്കോ: സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ മെട്രോസ്റ്റേഷനില്‍ ട്രെയിനില്‍ ചാവേര്‍ ആക്രമണം നടത്തിയത് കിര്‍ഗിസ്ഥാന്‍ വംശജനായ റഷ്യക്കാരനെന്ന് പൊലിസ്. അക്ബര്സോണ് ജലീലോവ് എന്നയാളാണ് പ്രതി. കിര്‍ഗിസ്ഥാന്‍ നഗരമായ ഓഷില്‍ 1995ല്‍ ജനിച്ച ഇയാള്‍ പിന്നീട് റഷ്യന്‍ പൗരത്വം നേടുകയായിരുന്നുവെന്ന് കിര്‍ഗിസ്ഥാന്‍, റഷ്യന്‍ സുരക്ഷാ സൈനികര്‍ അറിയിച്ചു.
ആക്രമണത്തില്‍ 14 പേര് മരിച്ചതായും 49 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു. ചാവേറിന്റെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ ട്രെയിനില്‍നിന്ന് കണ്ടെടുത്തു. ഇയാള്‍ രണ്ടാമതൊരു ബോംബ് കൂടി ട്രെയിനില്‍ സ്ഥാപിച്ചെങ്കിലും പൊട്ടിയില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. റഷ്യന്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ്, കിര്‍ഗിസ്ഥാന്‍ വിദേശകാര്യ മന്ത്രി എര്‍ലാന്‍ അബ്ദില്ദായേവുമായി വിഷയം ചര്‍ച്ച ചെയ്തു. ഇത്തരം പിശാചുക്കളെ നേരിടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ യോജിച്ച പോരാട്ടം വേണമെന്ന് ലവ്റോവ് പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് അടച്ച മെട്രോസര്‍വിസ് ഇന്നലെ പുനരാരംഭിച്ചു. സ്റ്റേഷന് അകത്തും പുറത്തുമായി മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് യാത്രക്കാര്‍ പൂച്ചെണ്ടുകള്‍ നിക്ഷേപിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും സ്റ്റേഷനിലെത്തിയിരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മറ്റു ചില മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ അടച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ റഷ്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കിരാത ആക്രമണമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, പുടിന് അനുശോചനമറിയിച്ച് കത്തെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."