നിപാ: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രകീര്‍ത്തിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: നിപാ വൈറസിനെ പ്രതിരോധിച്ച ആരോഗ്യവകുപ്പിനും മന്ത്രി കെ.കെ ശൈലജക്കും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം അര്‍പ്പിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അന്ധമായ രാഷ്ട്രീയ വിരോധം പടിക്കു പുറത്തുനിര്‍ത്താനായതാണു കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മികച്ചതാക്കിയതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പില്‍ നിന്ന്:
നിപായെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍. അന്ധമായ രാഷ്ട്രീയ വിരോധം ഇ.എം.എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്കുപുറത്തു നിര്‍ത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലോകരാജ്യങ്ങള്‍ക്കു തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും.
പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്നു കേരളം ഒന്നിച്ചുനിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത- രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണു നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ നാം കൈവരിച്ചത്. സിസ്റ്റര്‍ ലിനി, പേരറിയാത്ത ഒട്ടേറെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെയെല്ലാം സേവനം, ആത്മാര്‍ഥത ഇതെല്ലാം കേരളം എന്നും ഓര്‍ത്തിരിക്കും.
ഒപ്പം ഇവരില്ലായിരുന്നെങ്കില്‍ ഈ വിപത്തിന്റെ ആഴം ഇനിയും ഏറുമെന്നതും യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു. നിപാ ഉയര്‍ത്തുന്ന ഭീഷണി മുന്നില്‍കണ്ടു സമുദായ അംഗങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ആഹ്വാനവുമായി മുന്നിട്ടിറങ്ങിയ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മറ്റു മത, സംഘടനാ നേതാക്കള്‍ എന്നിവരുടെ ഇടപെടലുകളും ഈ വിപത്തിനു തടയിടുന്നതില്‍ നിര്‍ണായകമായെന്നും കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പില്‍ പറയുന്നു.
വിഷയത്തില്‍ രാഷ്ട്രീയം കാണാതെ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രണ്ട് മുന്നണികളിലേയും ഘടകകക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, സാമൂഹികസന്നദ്ധ-സാംസ്‌കാരിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ഏവര്‍ക്കും ഈ പേമാരിയെ കീഴടക്കാനായതില്‍ അഭിമാനിക്കാം. ഭീതി പരത്തുന്ന രോഗങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."