വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാതെ പോംവഴിയില്ല: മന്ത്രി എം.എം മണി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.എം.മണി. വൈദ്യുതി ബോര്‍ഡിന് 7300 കോടി രൂപയുടെ കടബാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കവയും വന്‍ തുക ബോര്‍ഡിന് കുടിശികയുണ്ട്. ഉപഭോക്താക്കള്‍ സഹകരിക്കാതെ മറ്റു പോവഴിയില്ല. അതുകൊണ്ടുതന്നെ ചാര്‍ജ് വര്‍ധന ഒഴിവാക്കാനാകില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് തന്റെയും പാര്‍ട്ടിയുടേയും നയം. എന്നാല്‍ മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. ആതിരപ്പിള്ളി പദ്ധതിക്കുവേണ്ട എല്ലാ അനുമതിയും ഉണ്ട്. എല്ലാവരും ചേര്‍ന്നു തീരുമാനിച്ചാല്‍ പദ്ധതി ടെണ്ടര്‍ ചെയ്യാവുന്നതേയുള്ളൂ. സി.പി.ഐയുടെ അഭിപ്രായം മാനിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗവും പദ്ധതിക്കെതിരാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളെല്ലാം തന്നെ പുനരാരംഭിക്കണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഈ പദ്ധതികള്‍ക്കുള്ള തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചെലവ് കുറവാണ് എന്നതിനാല്‍ പരമാവധി ജലവൈദ്യുത പദ്ധതികള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. ഊര്‍ജോല്‍പാദനത്തിനായി മറ്റു പുതിയ മാര്‍ഗങ്ങള്‍ തേടണം. ഏതുമാര്‍ഗത്തിലും വൈദ്യുതി ഉല്‍പാദനം കൂട്ടുകയെന്നതാണ് ലക്ഷ്യം. അതിനായി സൗരോര്‍ജ പദ്ധതികള്‍ കൂടുതലായി വ്യാപിപ്പിക്കും.
200 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനായി മീറ്ററുകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ്. സ്മാര്‍ട് മീറ്ററുകളുടെ സ്ഥാപനത്തോടെ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഒരു പരിഷ്‌കരണവും സര്‍ക്കാരിന്റെയോ ബോര്‍ഡിന്റെയോ പരിപാടിയല്ലെന്നു മന്ത്രി പറഞ്ഞു.
കനത്ത മഴയിലും ശക്തമായ കാറ്റിലും വൈദ്യുതി ബോര്‍ഡിന് 12 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.സംസ്ഥാനത്താകെ 6,000ത്തോളം വൈദ്യുതി പോസ്റ്റുകള്‍ തകരുകയും മൂന്നുലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു. വിവാദങ്ങളില്ലാതെ വൈദ്യുതി ബോര്‍ഡ് രണ്ടുവര്‍ഷക്കാലം മുന്നോട്ടുപോയി. രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച് ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കി. ചെയര്‍മാന്‍ എന്‍.എസ്.പിള്ളയും ബോര്‍ഡിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കെ.എസ്.ഇ.ബിയുടെ നഷ്ടം 1494.63 കോടി
തിരുവനന്തപുരം:കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം കെ.എസ.്ഇ.ബിയ്ക്ക് 1,494.63 കോടി രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി മന്ത്രി എം.എം മണി. നഷ്ടം നികത്തുന്നതിന് ഉയര്‍ന്ന നിരക്കുള്ള വായ്പകള്‍ തിരിച്ചടച്ച് കുറഞ്ഞ നിരക്കുള്ള വായ്പ എടുക്കുന്നതില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ വിവിധ ശീര്‍ഷകങ്ങളിലുള്ള ചെലവുകള്‍ പരമാവധി കുറച്ചും വൈദ്യുതി നിരക്ക് കുടിശിക പിരിച്ചെടുത്തും വരുമാനം വര്‍ധിപ്പിച്ച് ഉപഭോക്താവിന് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും എം.എം മണി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."