ചെങ്ങന്നൂരില്‍ പവനായി ശവമായി
ചെങ്ങന്നൂരില്‍ തുടങ്ങി ചെങ്ങന്നൂരില്‍ തന്നെ അവസാനിക്കുന്നതായിരുന്നു ഉപധനാഭ്യര്‍ഥന ചര്‍ച്ച. തുടക്കമിട്ടത് വി.എസ് അച്യുതാനന്ദനായതിനാല്‍ ചെങ്ങന്നൂര്‍ സഭയില്‍ പടര്‍ന്നുകയറി. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വലിയ മനക്കോട്ടകളാണ് കെട്ടിയതെന്ന് വി.എസ്. ബാലറ്റ് പെട്ടി പൊട്ടിച്ചപ്പോള്‍ ആദ്യം 'ഠോ' എന്നൊരു ശബ്ദം കേട്ടു. കോണ്‍ഗ്രസ് പൊട്ടുന്ന ശബ്ദമായിരുന്നു അത്. പിറകെ 'ഠോ, ഠോ' എന്ന് ഇരട്ട ശബ്ദവും കേട്ടു. അതു ബി.ജെ.പി പൊട്ടുന്നത്. രണ്ടു കൂട്ടരുടെയും അവസ്ഥ പവനായി ശവമായി എന്നു പറഞ്ഞതുപോലെയായി.
അവസാനം ഒരു പാലാക്കാരന്‍ നേതാവു കൂടി വന്നപ്പോഴാണ് യു.ഡി.എഫിന്റെ പരാജയം ഉറപ്പായത്. തന്റേത് യമണ്ടന്‍ പാര്‍ട്ടിയാണെന്നു പറഞ്ഞാണ് ആ നേതാവു വന്നത്. എന്നാല്‍, ആ പാര്‍ട്ടിയുടെ മണ്ടയ്ക്കു നാട്ടുകാര്‍ കൊട്ടി വിട്ടു.
മേലനങ്ങാത്ത ആര്‍ക്കെങ്കിലും ആരെങ്കിലും രാജ്യസഭാ സീറ്റ് നല്‍കുമോ? ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.എം മാണി എന്നിവര്‍ തമ്മില്‍ എന്തോ ഒരിത് ഉണ്ടെന്നതാണ് അതിന്റെ ഗുട്ടന്‍സ്. കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി, മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്നൊക്കെപ്പറയുന്ന അവസ്ഥയിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. ഇതിനെക്കുറിച്ചു പി.സി ജോര്‍ജ് പറയുന്ന രീതിയിലൊന്നും താന്‍ പറയുന്നില്ലെന്നും അതെല്ലാം വൈകാതെ പുറത്തുവന്നുകൊള്ളുമെന്നും വി.എസ്.
സംസാരിച്ചു കത്തിക്കയറുന്നതിനിടയില്‍ ഇടയ്ക്ക് വി.എസ് ക്ഷീണിച്ച് സീറ്റില്‍ ഇരുന്നുപോയി. ചില അംഗങ്ങള്‍ പിടിച്ചെഴുന്നേല്‍പിക്കാന്‍ എത്തിയെങ്കിലും വി.എസ് സ്വയം എഴുന്നേറ്റു. വി.എസിനു വേണമെങ്കില്‍ ഇരുന്നു സംസാരിക്കാമെന്ന് ചെയറിലുണ്ടായിരുന്ന കെ.എന്‍.എ ഖാദര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതൊന്നും കാര്യമാക്കാതെ പൂര്‍വാധികം വീറോടെ അദ്ദേഹം പ്രസംഗം തുടര്‍ന്നു.
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയത് മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ വി.എസിനു തന്നെയാണ് സംഭവിച്ചതെന്ന് അനില്‍ അക്കരയുടെ മറുപടി. സ്വന്തം നാട്ടിലെ മാരാരിക്കുളത്ത് തോറ്റതുകൊണ്ടാണ് വി.എസിനു മലമ്പുഴയിലേക്കു കുടിയേറേണ്ടി വന്നതെന്നും അനില്‍. ചെങ്ങന്നൂരില്‍ നിന്ന് സഭയിലെത്തിയ സജി ചെറിയാന്റെ കന്നിപ്രസംഗം ഇന്നലെയായിരുന്നു. ഇടതു സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതുകൊണ്ടാണ് ചെന്നിത്തലയുടെ നാടുള്‍പെട്ട ചെങ്ങന്നൂരില്‍ നിന്ന് താന്‍ ജയിച്ചുവന്നതെന്ന് സജി ചെറിയാന്‍. മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കിക്കളിച്ച യു.ഡി.എഫിനു കിട്ടിയ തിരിച്ചടി കൂടിയാണിതെന്നും സജി ചെറിയാന്‍.
കോണ്‍ഗ്രസിനെ ഒരു വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വീണ ജോര്‍ജ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കെ. കരുണാകരനെയും എ.കെ ആന്റണിയെയും സ്ഥാനഭ്രഷ്ടരാക്കിയത് ആ വൈറസാണ്. ഇപ്പോള്‍ ആ വൈറസ് മറ്റു മുതിര്‍ന്ന നേതാക്കളെയും ആക്രമിക്കുന്നു.
ആ വൈറസിന്റെ ഉറവിടം പുതുപ്പള്ളിയാണെന്നും വീണ. ഗവേഷണത്തില്‍ ഒട്ടും മോശക്കാരനല്ലാത്ത ഷാഫി പറമ്പില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് കേരളത്തെ മൊത്തത്തില്‍ തന്നെ ഒരു വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്. പൊലിസിന്റെ ക്രൂരതയാല്‍ മകന്‍ നഷ്ടപ്പട്ട അച്ഛന്‍ കാണാനെത്തിയപ്പോള്‍ ഇവിടെ കണ്ണീരൊന്നും വേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രിയാണ് കേരളത്തെ ബാധിച്ച വൈറസെന്ന് ഷാഫി.
കേരളത്തില്‍ ചുവപ്പു പൊലിസോ പച്ച പൊലിസോ ത്രിവര്‍ണ പൊലിസോ ഒന്നും വേണ്ടെന്നാണ് പച്ച രാഷ്ട്രീയക്കാരനായ എന്‍. ഷംസുദ്ദീന്റെ അഭിപ്രായം. ജനങ്ങളെ ഒരുപോലെ കാണുന്ന പൊലിസാണ് വേണ്ടത്. ഇപ്പോള്‍ ചുവപ്പു പൊലിസ് കേരളത്തെ നാണംകെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഷംസുദ്ദീന്‍.
ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന അഭ്യര്‍ഥന ചില അംഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. സഭാതര്‍ക്കം പരിഹരിക്കാന്‍ സഭാവിശ്വാസികളായ എം.എല്‍.എമാര്‍ നിരീശ്വരവാദിയായ മുഖ്യമന്ത്രിയോട് ഒത്തുതീര്‍പ്പിന് ഇടപെടാന്‍ അഭ്യര്‍ഥിക്കുന്നത് തനിക്ക് ഇഷ്ടപ്പെട്ടെന്ന് പി.സി ജോര്‍ജ്. നാട്ടില്‍ വിദ്യാഭ്യാസ വിപ്ലവം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ഇ.ടി ടൈസണ്‍ മാസ്റ്ററുടെ കണ്ടെത്തല്‍. ഇതാണ് ശരിയായ വസന്തത്തിന്റെ ഇടിമുഴക്കമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."