മധ്യധരണ്യാഴിയില്‍ ഇറ്റലി തടഞ്ഞ അഭയാര്‍ഥികളെ സ്‌പെയിനിലെത്തിക്കാന്‍ നീക്കം
റോം: മധ്യധരണ്യാഴിയില്‍ ഇറ്റലി തടഞ്ഞ അഭയാര്‍ഥികളെ സ്‌പെയിനിലെത്തിക്കാന്‍ നീക്കം. 629 അഭയാര്‍ഥികളുമായി മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ ഏറ്റെടുക്കാന്‍ സ്‌പെയിനിലെ പുതിയ സര്‍ക്കാര്‍ തയാറായി രംഗത്തു വന്നിട്ടുണ്ട്. ഇറ്റലിയും മാള്‍ട്ടയും തടഞ്ഞശേഷമാണ് അഭയാര്‍ഥികളെ സഹായിക്കാന്‍ സ്‌പെയിന്‍ രംഗത്തെത്തുന്നത്. സോഷ്യലിസ്റ്റ് ആയ പെഡ്രോ സാഞ്ചേസ് ഒരാഴ്ച മുന്‍പാണ് സ്പാനിഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്. അഭയാര്‍ഥികളുമായി പുറപ്പെട്ട എം.വി അക്വാറിയൂസ് കപ്പല്‍ സ്‌പെയിനിലെ വലന്‍സിയ തീരത്തേക്ക് അടുപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസ് തിങ്കഴളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തീരുമാനമായതായി അറിയിച്ചത്.
ഏഴ് ഗര്‍ഭിണികളും 123 കുട്ടികളുമുള്‍പ്പടെ 629 പേരുമായി കപ്പല്‍ മാള്‍ട്ടയില്‍നിന്ന് 27ഉം ഇറ്റലിയില്‍ നിന്ന് 35 ഉം നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കടലില്‍ അകപ്പെട്ട അഭയാര്‍ഥികളെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എഎം.എസ്.എഫ്) സംഘത്തിന്റെ നിയന്ത്രണത്തിലുള്ള എം.വി അക്വാറിയൂസ് കപ്പല്‍ രക്ഷപെടുത്തുകയായിരുന്നു.
എന്നാല്‍ കപ്പലിനെ തീരത്തണയാന്‍ അനുവദിക്കാതെ ഇറ്റലിയും മാള്‍ട്ടയും തങ്ങളുടെ തുറമുഖങ്ങള്‍ അടച്ചിടുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കടുത്ത ദുരിതത്തിലാണ് കപ്പലിലുള്ള അഭയാര്‍ഥികള്‍. കപ്പലില്‍ ഇത്രയും പേര്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ ഇല്ലെന്ന് എം.എസ്.എഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."