ടെലികോം അഴിമതി: ബിന്‍യാമീന്‍ നെതന്യാഹുവിനെ ചോദ്യം ചെയ്തു
തെല്‍അവീവ്: ടെലികോം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിനെ പൊലിസ് വീണ്ടും ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് പൊലിസ് ചോദ്യം ചെയ്തത്.
ബെസെക് ടെലികോം കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ ലാഭമുണ്ടാക്കുന്ന രീതിയില്‍ നിയമങ്ങളുണ്ടാക്കിയെന്നാണ് നെതന്യാഹുവിനെതിരായ കേസ്. പകരം കമ്പനിയുടെ വെബ്‌സൈറ്റായ വല്ല നെതന്യാഹുവിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരപോപണം. 4000 എന്ന പേരിലാണ് ഈ കേസ് അറിയപ്പെടുന്നത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നെതന്യാഹുവിന്റെ വാദം.
കഴിഞ്ഞ വര്‍ഷം വരെ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കൂടി ചുമതല നെതന്യാഹുവിനായിരുന്നു. ടെലികോം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് നെതന്യാഹുവിന്റെ പേരിലുള്ളത്. രാഷ്ട്രീയ ഉപകാരങ്ങള്‍ക്ക് പകരമായി ഇസ്‌റാഈലി ബിസിനസുകാരനില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീരിച്ചതാണ് 1000 എന്ന പേരിലറിയപ്പെടുന്ന കേസ്. വ്യവസായിയില്‍നിന്ന് ഷാംപെയ്ന്‍, സിഗരറ്റുകള്‍, ആഭരണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ തുടങ്ങിയവ സമ്മാനങ്ങളായി സ്വീകരിച്ചുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 300,000 ഡോളര്‍ വിലവരുന്ന സമ്മാനങ്ങള്‍ നെതന്യാഹു സമ്പന്നനായ ബിസിനസുകാരനില്‍നിന്ന് വാങ്ങിയതായി പൊലിസിന്റെ ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."