യൂറോ കപ്പ് സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
ആദ്യ സെമി ; പോര്‍ച്ചുഗല്‍- വെയ്ല്‍സ്
രണ്ടാം സെമി: ജര്‍മനി- ഫ്രാന്‍സ്
നാലില്‍ ആരൊക്കെ?
ഇരുപത്തിനാലില്‍ നിന്നു നാലായി ടീമുകള്‍ ചുരുങ്ങി. ഇനി നാലു ടീമുകള്‍ക്കും മുന്നില്‍ രണ്ടു ജയങ്ങള്‍ മാത്രമാണ് കിരീടത്തിലേക്കുള്ളത്. മുന്‍ ചാംപ്യന്‍മാരായ ജര്‍മനി, ഫ്രാന്‍സ്, 2004ലെ ഫൈനലിസ്റ്റുകളായ പോര്‍ച്ചുഗല്‍, നവാഗതരായി വന്നു വീരഗാഥ രചിച്ച വെയ്ല്‍സ് എന്നിവര്‍ യൂറോയിലെ സെമിയില്‍ ഏറ്റുമുട്ടും. നാളെയും മറ്റന്നാളുമായി സെമി പോരാട്ടങ്ങള്‍ അരങ്ങേറും. ആദ്യ സെമിയില്‍ നാളെ പോര്‍ച്ചുഗല്‍- വെയ്ല്‍സുമായും രണ്ടാം സെമിയില്‍ ജര്‍മനി- ഫ്രാന്‍സുമായും മാറ്റുരയ്ക്കും.
ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഫുട്‌ബോള്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് നാളത്തെ സെമിയെ ശ്രദ്ധേയമാക്കുന്നത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്ല്‍സിന്റെ മുന്നേറ്റത്തെ നയിക്കുന്ന ഗെരത് ബെയ്‌ലുമാണ് മുഖാമുഖമെത്തുന്നത്. ഇരുവരും റയല്‍ മാഡ്രിഡില്‍ ഒരുമിച്ചു കളിക്കുന്നവരാണെന്നതും മത്സരത്തില്‍ കൗതുകം നിറയ്ക്കുന്ന കാര്യമാണ്. മറ്റൊന്നു സെമിയിലെത്തിയിട്ടും ടീമെന്ന നിലയില്‍ ഒത്തിണക്കം കാട്ടാത്തവരാണ് പോര്‍ച്ചുഗലെങ്കില്‍ സംഘ ബലത്തിന്റെ കരുത്താണ് വെയ്ല്‍സിന്റെ മുന്നേറ്റത്തിന്റെ ശക്തി. എങ്കിലും പ്രവചനങ്ങള്‍ക്ക് ഫുട്‌ബോളില്‍ സ്ഥാനമില്ലെന്നത് കളിയെ ആവേശകരമാക്കി നിര്‍ത്തുന്നു.
ലോക ഫുട്‌ബോളിലെ സൂപ്പര്‍ താര പരിവേഷമുള്ള ക്രിസ്റ്റ്യാനോയ്ക്ക് തന്റെ രാജ്യത്തിനു ഇതുവരെ ഒരു കിരീടം സമ്മനിക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ മുന്നിലുള്ളത്. വെയ്ല്‍സിനെ കീഴടക്കി അതു സാധ്യമാക്കിയെടുക്കുക എന്ന ഭാരിച്ച ചുമതല അദ്ദേഹത്തിനുണ്ട്. മറുഭാഗത്ത് അത്ര എളുപ്പത്തില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത വെയ്ല്‍സാണെന്നത് പോര്‍ച്ചുഗലിനു വെല്ലുവിളിയാണ്. ആരോണ്‍ റാംസി രണ്ടു മഞ്ഞ കാര്‍ഡ് കണ്ട് സസ്പന്‍ഷന്‍ നേരിടുന്നതിനാല്‍ സെമിയില്‍ ഇറങ്ങില്ല എന്നത് വെയ്ല്‍സിനു ഭീഷണിയായി നില്‍ക്കുന്നു. ബെയ്‌ലിനൊപ്പം വെയ്ല്‍സിന്റെ മുന്നേറ്റത്തെ ഏറെ മുന്നോട്ടു നയിച്ചതില്‍ റാംസിക്ക് കൃത്യമായ പങ്കുണ്ട്. പ്രത്യേകിച്ച് മുന്നേറ്റത്തിനു പന്തെത്തിക്കുന്ന കാര്യത്തില്‍. ഇതിനു പരിഹാരം കാണുകയാണ് പരിശീലകനെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നം.
രണ്ടു മുന്‍ ചാംപ്യന്‍മാരുടെ പോരാണ് രണ്ടാം സെമി. ജര്‍മനിയും ആതിഥേയരായ ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ആക്രമണ ഫുട്‌ബോളാണ് ഇരുവരും കളിക്കുന്നത് എന്നതിനാല്‍ മത്സരം പ്രവചിക്കുക അസാധ്യം. കുഞ്ഞന്‍ പാസുകളുമായി പാസിങ് ഗെയിമിന്റെ സുന്ദര കാഴ്ചയാണ് ജര്‍മനി ഒരുക്കുന്നതെങ്കില്‍ നീളന്‍ പാസുകളും കൗണ്ടര്‍ അറ്റാക്കും സമം ചേര്‍ത്താണ് ഫ്രാന്‍സിന്റെ മുന്നേറ്റം. പതിഞ്ഞാണ് അവര്‍ തുടങ്ങിയതെങ്കിലും ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെതിരായ പോരാട്ടത്തില്‍ അവര്‍ വര്‍ധിത വീര്യം പുറത്തെടുത്തു. മുന്‍നിര താരങ്ങളെല്ലാം ഗോള്‍ നേടി ഫോമിലേക്കെത്തിയതും ഫ്രാന്‍സിനെ തുണയായേക്കും. ജിറൂദ്, ഗ്രിസ്മാന്‍ എന്നിവര്‍ ഗോളടിക്കുന്നതില്‍ പിശുക്കില്ലാത്തവരായി മാറിക്കഴിഞ്ഞു. നാലു ഗോളുകളുമായി ഗ്രിസ്മാനാണ് ഈ യൂറോയിലെ ടോപ് സ്‌കോററായി നില്‍ക്കുന്നത്. ഒപ്പം മധ്യനിരയില്‍ നിറഞ്ഞു കളിച്ചും ഗോളടിച്ചും ഗോളടിപ്പിച്ചും ത്രസിപ്പിക്കുന്ന ഫോമില്‍ നില്‍ക്കുന്ന ദിമിത്രി പയറ്റിന്റെ മികവ് വേറിട്ട ശക്തിയായി തന്നെ ഫ്രഞ്ച് ടീമിനെ മാറ്റുന്നുണ്ട്. പോഗ്ബ തന്റെ മികവ് തിരിച്ചെടുത്തതും കാണേണ്ടതുണ്ട്.
മറുഭാഗത്ത് മുള്ളറടക്കമുള്ളവരുടെ ഫോമിലില്ലായ്മയാണ് ജര്‍മനിക്ക് തലവേദനയായി നില്‍ക്കുന്നത്. ഒപ്പം പരുക്കും സസ്പന്‍ഷനും. സമി ഖെദീരയും മരിയോ ഗോമസും പരുക്കിനെ തുടര്‍ന്നു കളിക്കില്ലെന്നുറപ്പായി കഴിഞ്ഞു. രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പ്രതിരോധക്കാരന്‍ മാറ്റ് ഹമ്മല്‍സ് സസ്പന്‍ഷന്‍ വാങ്ങിയതും അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. പ്രതിരോധ താരം ബോട്ടെങ്, ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍, മധ്യനിരയില്‍ ടോണി ക്രൂസ്, വിങിലൂടെ മുന്നേറുന്ന മെസുറ്റ് ഓസില്‍ എന്നിവര്‍ തങ്ങളുടെ മികവ് നിലനിര്‍ത്തുന്നതും ഒപ്പം യുവ താരങ്ങളുടെ ചങ്കുറപ്പുമാണ് ജര്‍മനിക്ക് ആശ്വാസം നല്‍കുന്നത്.
ഫൈനല്‍ എന്തായാലും ഒരു പുതിയ ചാംപ്യനെ സമ്മാനിക്കാനും സാധ്യത നല്‍കുന്നതായിരിക്കുമെന്നു ഉറപ്പ്. പോര്‍ച്ചുഗല്‍- വെയ്ല്‍സ് മത്സരത്തിലെ വിജയി ആരായാലും അവര്‍ ഫൈനലിലും വിജയിച്ചാല്‍ യൂറോയില്‍ പുതിയ കിരീട ജേതാക്കളായി അവരോധിക്കപ്പെടും. ജര്‍മനി- ഫ്രാന്‍സ് മുന്‍ ചാംപ്യന്‍മാരിലെ വിജയികളിലൊരാള്‍ ഫൈനലിലെത്തി കപ്പടിച്ചാലും പ്രത്യേകത ഉണ്ട്. ജര്‍മനി ഫ്രാന്‍സിനെ കീഴടക്കി ഫൈനലും ജയിച്ച് കിരീടം നേടിയാല്‍ യൂറോയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമെന്ന പെരുമ അവര്‍ക്ക് സ്വന്തമാകും. നിലവില്‍ മൂന്നു വീതം ചാംപ്യന്‍പട്ടവുമായി ജര്‍മനിയും സ്‌പെയിനും ഒപ്പം നില്‍ക്കുന്നു. ഫ്രാന്‍സാണ് കിരീടം നേടുന്നതെങ്കില്‍ മൂന്നു വീതം ജേതാക്കളായെന്ന റെക്കോര്‍ഡ് ജര്‍മനിക്കും സ്‌പെയിനിനുമൊപ്പം ഫ്രാന്‍സിനും പങ്കിടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."