നിശ്ചയദാര്‍ഢ്യം ഇനി കടല്‍ കടക്കും
ചെറുവത്തൂര്‍: ആര്‍ത്തലയ്ക്കുന്ന ഗാലറിയിലിരുന്നു ലോകകപ്പ് ഫുട്‌ബോള്‍ കാണണം... മനസില്‍ കൊണ്ടു നടക്കുന്ന ഫുട്‌ബോള്‍ മാന്ത്രികരുടെ മിന്നല്‍ നീക്കങ്ങള്‍ കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കണം. നാലു വര്‍ഷം മുന്‍പ് സുഹൃത്തുക്കളായ ഏഴു ചെറുപ്പക്കാര്‍ കണ്ടു തുടങ്ങിയ സ്വപ്‌നം നിശ്ചയദാര്‍ഢ്യമായി മാറിയപ്പോള്‍ പ്രതിബന്ധങ്ങള്‍ വിട്ടുമാറി. ഇനി ഈ ചെറുപ്പക്കാര്‍ റഷ്യയിലെ ലോകകപ്പ് ഫുട്‌ബോള്‍ ഗാലറിയിലിരുന്ന് ആവേശപ്പൂരത്തിന് സാക്ഷിയാകും.
കൊടക്കാട് ചക്ക് മുക്കിലെ ശ്രീധര്‍ കാഞ്ഞിരപ്പള്ളി, കരിവെള്ളൂരിലെ സനീഷ് കുമാര്‍, വിഷ്ണുദാസ്, സജീഷ് കുമാര്‍, ജതിന്‍ കുമാര്‍, അനീഷ് കുമാര്‍,പുത്തൂരിലെ പ്രശാന്ത് എന്നിവരാണ് ലോകകപ്പ് നേരില്‍ കാണാന്‍ റഷ്യയിലേക്കു തിരിക്കുന്നത്. ഫുട്‌ബോള്‍ തീവ്രവികാരമായി കൊണ്ടു നടക്കുന്നവരാണ് ഇവരെല്ലാം. ഫുട്‌ബോള്‍ മത്സരങ്ങള്‍ എവിടെയുണ്ടെങ്കിലും അവിടെയെത്തും. 2014 ബ്രസീലില്‍ ലോകകപ്പ് നടക്കുന്നതിനിടയിലാണ് ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണണമെന്ന ആഗ്രഹമുണ്ടാകുന്നത്.
ടെലിവിഷനു മുന്നിലിരുന്നു ആര്‍ത്തലയ്ക്കുന്നതിനിടയില്‍ തോന്നിയ ആഗ്രഹം. ഏഴുപേരും ഒരേമനസോടെ അതിനായി പരിശ്രമിക്കാന്‍ തീരുമാനിച്ചു. പലരും ഇവരുടെ ആഗ്രഹത്തെ തുടക്കത്തിലുള്ള ആവേശമായി മാത്രം കരുതി. എന്നാല്‍ അന്നുമുതല്‍ ടിക്കറ്റും യാത്രാരേഖകളും ശരിയാക്കാനുള്ള പരിശ്രമം ഈ ചെറുപ്പക്കാര്‍ ആരംഭിച്ചു.
ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീധര്‍ ഇതിനായി ചുക്കാന്‍ പിടിച്ചു. ലോകകപ്പിനു റഷ്യയില്‍ ആരവമുയരും മുന്‍പ് എല്ലാവരുടെയും ടിക്കറ്റുകള്‍ കൈയിലെത്തി. ഈ മാസം 22നു കോഴിക്കോട്ടുനിന്ന് ഇവര്‍ യാത്രതിരിക്കും. ഈ മാസം മുപ്പതു വരെ റഷ്യയിലുണ്ടാകും.
കരിവെള്ളൂര്‍ സ്വദേശികളായ കണ്ണൂര്‍ സോണി സര്‍വിസ് സെന്ററിലെ സനീഷ്‌കുമാര്‍, കണ്ണൂരില്‍ ബിസിനസ് നടത്തുന്ന അനീഷ്‌കുമാര്‍, പുത്തൂര്‍ എ.എല്‍.പി.എസ് അധ്യാപകന്‍ പ്രശാന്ത് പുത്തൂര്‍, ബംഗളൂരുവിലെ ഐ.ടി എന്‍ജിനിയര്‍മാരായ വിഷ്ണുദാസ് മണക്കാട്, സജീഷ്‌കുമാര്‍, ജതിന്‍ കുമാര്‍ എന്നിവര്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകരാണ്. റഷ്യയില്‍ എത്തിയാല്‍ അര്‍ജന്റീന-നൈജീരിയ മത്സരം കാണാന്‍ അവസരമുണ്ട്. അതിന്റെ അത്യാഹ്ലാദത്തിലും ആവേശത്തിലുമാണ് ഇവര്‍ ആറുപേരും.
എന്നാല്‍ ശ്രീധര്‍ ജര്‍മനിയുടെ ആരാധകനാണ്. ഇഷ്ട ടീം കിരീടം സ്വന്തമാക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും ഉറച്ച വിശ്വാസം. ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ ഒരു ഭാഗം പ്രത്യേകമായി സൂക്ഷിച്ചു വെച്ചാണ് എല്ലാവരും യാത്രയ്ക്കുള്ള ചെലവു കണ്ടെത്തിയത്. ഏഴുപേരും പലയിടങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ യാത്രയുടെ ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 'റഷ്യന്‍ ഡ്രീം' എന്ന പേരില്‍ ഒരു വര്‍ഷം മുന്‍പ് വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ട ലോകവിസ്മയം നേരില്‍ കാണാനാകുന്നതിന്റെ ത്രില്ലിലാണ് എല്ലാവരും.
പ്രശാന്ത്, ശ്രീധര്‍, അനീഷ് കുമാര്‍, വിഷ്ണു ദാസ്, സനീഷ് എന്നിവര്‍ യാത്രക്കായി ഒരുമിച്ചുകഴിഞ്ഞു. മറ്റുള്ള മൂന്നുപേര്‍ അടുത്ത ദിവസം ജോലി സ്ഥലത്തു നിന്നു നാട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."