വനിതാകമ്മിഷനു മുന്‍പാകെ 50 പരാതികള്‍; 19 എണ്ണത്തില്‍ പരിഹാരം
കാസര്‍കോട്: മദ്യപാനിയായ കീഴ്ജീവനക്കാരന്റെ പെരുമാറ്റ ദൂഷ്യം പരാതിയായി വനിതാ കമ്മിഷനു മുന്നിലെത്തിയപ്പോള്‍ പ്രതി വാദിയുടെ കാലില്‍ വീണു മാപ്പുപറഞ്ഞു. പിന്നീട് ജീവനക്കാര്‍ പ്രതിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള നഴ്‌സിങ് അസിസ്റ്റന്റിനു കമ്മിഷന്‍ താക്കീത് നല്‍കിയിരിക്കുകയാണ്.
ഇയാള്‍ക്കെതിരേ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് ഇയാളുടെ ഭാര്യയും കമ്മിഷനു നേരത്തെ പരാതി നല്‍കിയിരുന്നു. മഞ്ചേശ്വരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പരാതി നല്‍കിയത്. ഡോക്ടറുടെ പരാതിയും തുടര്‍ന്നുള്ള സംഭവങ്ങളും വനിതാ കമ്മിഷന്‍ സിറ്റിങില്‍ നാടകീയ സംഭവങ്ങളുയര്‍ത്തി.
വസ്തു, സാമ്പത്തിക തര്‍ക്കങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പുതിയതും നേരത്തെയുള്ളതുമായ 50 പരാതികളാണ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മിഷന്‍ സിറ്റിങില്‍ പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ 19 എണ്ണത്തില്‍ തീരുമാനമായി. മറ്റു പരാതികള്‍ പൊലിസ്, മറ്റു വിവിധ വകുപ്പുകള്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് തീരുമാനമെടുക്കാനായി വിട്ടു. കഴിഞ്ഞ സിറ്റിങില്‍ പൊലിസിനെ നിശിതമായി വിമര്‍ശിച്ച കമ്മിഷന്‍ ഇത്തവണ അവരുടെ ഇടപെടലില്‍ തൃപ്തി അറിയിച്ചു. വനിതാ പൊലിസ് സെല്‍ സി.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എത്തിയിരുന്നു. വനിതാ കമ്മിഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ എ.പി ഉഷ, എസ്.എന്‍ സരിത, വനിതാക്ഷേമ ഓഫിസര്‍ പി. സുലജ, വനിതാ പോലിസ് സെല്‍ സി.ഐ പി.വി നിര്‍മല, സി.പി.ഒ ലിഷ, കൗണ്‍സലര്‍ രമ്യമോള്‍ എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."