ശിശുസൗഹൃദ ജില്ലയാകാന്‍ കാസര്‍കോട് ഒരുങ്ങുന്നു
കാസര്‍കോട്: കാസര്‍കോടിനെ ശിശു സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന് ജില്ലാതല ശിശു സംരക്ഷണ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും സമഗ്രമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെയും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പ്രതിനിധിയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ ഉടമ്പടിയെ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍, വനിതാശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ആഭ്യന്തര വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.
കുട്ടികള്‍ക്ക് ഇണങ്ങിയതും സുരക്ഷിതവുമായ പൊതുഇടങ്ങള്‍ സൃഷ്ടിക്കുക, കുട്ടികളിലെ ശാരീരിക-മാനസിക സ്വഭാവ വൈകല്യങ്ങള്‍ കുറച്ചു കൊണ്ടുവരിക, വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക, കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ ഇല്ലാതാക്കുക, കുട്ടികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, മദ്യം, മയക്കുമരന്ന് എന്നിവയുടെ ഉപയോഗം, സമ്മര്‍ദ്ദ രോഗങ്ങള്‍ തുടങ്ങിയവ കുറച്ചു കൊണ്ടുവരിക, വിദ്യാലയങ്ങള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, ബഡ്‌സ് സ്‌കൂളുകള്‍, ക്രഷുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ശിശു സൗഹൃദാന്തരീക്ഷങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ബാല സൗഹൃദ പഞ്ചായത്ത് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ശിശുസംരക്ഷണ കമ്മിറ്റികളിലെ അംഗങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.
മുഴുവന്‍ പഞ്ചായത്ത് ശിശുസംരക്ഷണ കമ്മിറ്റികളും ഓരോ മൂന്നുമാസം കൂടുമ്പോഴും യോഗം ചേരുകയും ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ്എ.ജി.സി ബഷീര്‍, കലക്ടര്‍ കെ. ജീവന്‍ ബാബു, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ അംഗം അഡ്വ. ശ്രീലാ മേനോന്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പി. ബിജു, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ പി. വത്സലന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മാധുരി എസ്. ബോസ്, പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ജി ഫൈഗന്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."