മാലിന്യ പ്രശ്നം; താല്‍ക്കാലിക ഒത്തുതീര്‍പ്പിനു തയാറാവില്ല
വടകര: ചോറോട് റാണി സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് മുന്‍ ഭരണസമിതി ചെയ്തതു പോലെ താല്‍ക്കാലിക ഒത്തുതീര്‍പ്പിന് തയാറാവില്ലെന്ന് ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
2014 നവംബറില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരം സ്‌കൂള്‍ കാന്റീനും ഹോസ്റ്റലും അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ആറുമാസത്തിനുള്ളില്‍ കാന്റീന്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. നിലവിലെ ഭരണസമിതി വന്നതു മുതല്‍ റാണി കോംപൗണ്ടില്‍ ഒരുതരത്തിലുളള അനധികൃത നിര്‍മാണത്തിനും അനുമതി നല്‍കിയിട്ടില്ല.കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയത് പഞ്ചായത്താണ്. റാണി കോംപൗണ്ടിലെ ഹോസ്റ്റല്‍, കാന്റീന്‍, വര്‍ക്ക്‌ഷോപ്പ്, സര്‍വിസ് സ്റ്റേഷന്‍, ഫുഡ് പ്രൊസസിങ് കേന്ദ്രം എന്നിവ അടച്ചുപൂട്ടാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതും പഞ്ചായത്ത് അധികൃതരാണ്. കുടിവെള്ളം മലിനമായ സാഹചര്യത്തില്‍ അടിയന്തര ശുദ്ധജല വിതരണത്തിന് പഞ്ചായത്ത് നടപടിയെടുക്കുകയുണ്ടായി. കനാലിലെയും കിണറുകളിലെയും ജല പരിശോധനക്ക് സി.ഡബ്ല്യു.ആര്‍.ഡി.എം ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനും പഞ്ചായത്ത് നടപടിയെടുത്തു. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും തുടര്‍പരിശോധനക്ക് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന് അപേക്ഷ നല്‍കുകയും ചെയ്തതും പഞ്ചായത്ത് തന്നെയാണെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."