പീഡനത്തെ തുടര്‍ന്ന് വയോധികയുടെ ആത്മഹത്യ: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഇരിട്ടി: ലൈംഗിക പീഡനത്തെ തുടര്‍ന്ന് എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറളം പന്നിമൂലയിലെ സി.പി.എം പ്രവര്‍ത്തകനും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ മാവിലവീട്ടില്‍ പി.എം രാജീവനെയാണ് (43) പേരാവൂര്‍ സി.ഐ എന്‍.സുനില്‍കുമാര്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ 30ന് വൈകുന്നേരം ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ കാണിയേരി സരോജിനിയമ്മ (70) മുഴക്കുന്നിലെ തറവാട്ടുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.
മൃതദേഹ പരിശോധനയില്‍ സരോജിനിയമ്മ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് പൊലിസ് രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഴക്കുന്ന് എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ മഫ്ടിയിലെത്തിയ പൊലിസ് നിരീക്ഷണം നടത്തുന്നതിനിടയില്‍ രാജീവന്‍ മൃതദേഹം സംസ്‌കരിക്കുന്നിടത്ത് എത്തി. ഇയാളുടെ മുഖത്തെ പരിഭ്രമം തിരിച്ചറിഞ്ഞാണ് പൊലിസ് ഇയാളെ ചോദ്യം ചെയ്തത്. മാര്‍ച്ച് 30ന് ഉച്ചക്ക് 12നും ഒരുമണിക്കും ഇടയിലാണ് പ്രതി സരോജിനിയമ്മയെ പീഡിപ്പിച്ചതെന്ന് സി.ഐ പറഞ്ഞു.
പ്രതിയുടെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. സരോജിനിയമ്മയുടെ മകന്‍ ഇതിനടുത്ത് നിര്‍മിക്കുന്ന വീടിന്റെ വയറിങ് പണിക്കാണ് പ്രതി രാജീവന്‍ ഇവിടെ എത്തിയത്. പ്രതിയുടെ സഹോദരി ഭര്‍ത്താവും മരിച്ച സരോജിനിയമ്മയും തമ്മില്‍ കുടുംബ ബന്ധമുള്ളതിനാല്‍ ഇവര്‍ തമ്മില്‍ പരിചയവുമുണ്ട്. സഹോദരിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി പ്രതി എത്തിയപ്പോള്‍, വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ അവിടെയെത്തിയ സരോജിനിയമ്മയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ക്രൂരമായ ലൈംഗിക പീഡനമാണ് പ്രതി നടത്തിയതെന്നും സി.ഐ പറഞ്ഞു.
പീഡനത്തിന് ശേഷം സരോജിനിയമ്മ വൈകുന്നേരത്തോടെ തറവാട് വീട്ടില്‍ എത്തുകയും താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. സരോജിനിയമ്മയുടെ ദേഹത്ത് പോറലുകളും പാടുകളും ഉണ്ടായിരുന്നു. പ്രതിയുടെ ശരീരത്തിലും നഖങ്ങള്‍ കൊണ്ടുള്ള ഒന്‍പതോളം പാടുകള്‍ ഉണ്ടായിരുന്നു. മൃതദേഹ പരിശോധനാ സമയത്ത് കണ്ട പാടുകളാണ് സരോജിനിയമ്മ ലൈംഗിക പീഡനത്തിനിരയായെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്. സരോജിനിയമ്മയുടെ ശരീരത്തില്‍ നിന്ന് കിട്ടിയ മുടിയും, മറ്റും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. പ്രതി കുറ്റം സമ്മതിച്ചതായും സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."