മധ്യവയസ്‌കന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാവണീശ്വരം സ്‌കൂള്‍ പരിസരത്തെ കടവരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെ രാവണീശ്വരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കട വരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കൊട്ടിലങ്ങാട്ടെ രഘുവീരന്റെ (55) മരണമാണ് കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രഘുവീരന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ രാവണീശ്വരം സ്വദേശി ഗോപിയെ (50)യാണ് അറസ്റ്റു ചെയ്തത്.
രഘുവീരനെ മരിച്ച നിലയില്‍ ഇയാളുടെ മകനാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് ഒരു കേബിള്‍ കഷ്ണവും കഴുത്തില്‍ പാടും കണ്ടതോടെ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് രഘുവീരന്റെ കഴുത്ത് ഞെരിച്ചതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: ഇണപിരിയാത്ത സുഹൃത്തുക്കളായ രഘുവീരനും ഗോപിയും ഒരുമിച്ചാണ് ജോലിചെയ്തിരുന്നത്.
രണ്ടുപേര്‍ക്കും ഭാര്യയും കുട്ടികളുമുണ്ടെങ്കിലും ഇരുവരും കുടുംബവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിയുകയാണ്. കേളോത്തെ ദാമോദരന്‍ രാവണീശ്വരം സ്‌കൂളിന് സമീപം നിര്‍മിച്ച പുതിയ കെട്ടിടത്തിനോട് ചേര്‍ന്ന് മാലിന്യ കുഴി നിര്‍മിക്കാന്‍ രഘുവീരനും ഗോപിയും ചേര്‍ന്ന് കരാറെടുത്തിരുന്നു. കുഴി ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.
ഇതിന്റെ കരാര്‍ തുകയായ അയ്യായിരം രൂപയില്‍ 4700 രൂപയും കെട്ടിട ഉടമ ദാമോദരന്റെ ഭാര്യയുടെ പക്കല്‍ നിന്ന് ഗോപി കൈപ്പറ്റിയെങ്കിലും 700 രൂപമാത്രമാണ് രഘുവീരന് നല്‍കിയത്.
ഇതേച്ചൊല്ലി ഗോപിയും രഘുവീരനും ശനിയാഴ്ച സന്ധ്യയോടെ മദ്യപിക്കുന്നതിനിടയില്‍ തര്‍ക്കം ഉടലെടുത്തു. അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലേക്ക് നീങ്ങിയ രഘുവീരനെ ദേഷ്യം മൂത്ത ഗോപി കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നു. എന്നാല്‍ സുഹൃത്തിനെ കൊല്ലാനായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്ന് പൊലിസ് പറയുന്നു. ഇന്നലെ ഗോപിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഗോപിയെ പൊലിസ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."