ഫൈസല്‍വധക്കേസ് അന്വേഷണം നിലച്ചു; നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭത്തിന്
തിരൂരങ്ങാടി: ഫാറൂഖ്‌നഗര്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷണം പൂര്‍ണമായും നിലച്ചു. കേസിലെ പ്രതികള്‍ക്ക് ഒളിച്ചു താമസിക്കാന്‍ സഹായം ചെയ്തുകൊടുത്തവര്‍ പിടിയിലാവാന്‍ ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചത്. മുകളില്‍ നിന്നുള്ള കാര്യമായ ഇടപെടലിനെത്തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടിയതത്രെ. കൊലപാതകം ആസൂത്രണം ചെയ്ത കേന്ദ്രങ്ങള്‍ക്കെതിരേയും സംഭവം നടന്ന് നാലരമാസം പിന്നിട്ടിട്ടും പൊലിസിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായിട്ടില്ല.
ഇസ്‌ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് 2016 നവംബര്‍ 11 നാണ് ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. കേസില്‍ ലോക്കല്‍ പൊലിസ് ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് അടക്കമുള്ള എട്ടുപേരെ തുടക്കത്തില്‍തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസ് മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.
പൊലിസിന്റെ ഒത്താശയോടെ ഡമ്മിപ്രതികളെഹാജരാക്കി ആര്‍.എസ്.എസ് നേതാക്കള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ റോഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭത്തെതുടര്‍ന്ന് കേസ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു.
കേസില്‍ പതിനാറ് പ്രതികളെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ ഫൈസലിനെ കുത്താന്‍ ഉപയോഗിച്ച ആയുധം സൂക്ഷിച്ച കേസിലും, മറ്റൊരാള്‍ മുഖ്യപ്രതികളിലൊരാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തു കൊടുത്തതിനുമാണ് പിടിയിലായത്.
പത്തുപേര്‍ ഗൂഢാലോചനാ കേസിലും, നാലുപേര്‍ കൃത്യം നടത്തിയതിനുമാണ് അറസ്റ്റിലായത്. ഇതിനകം 13 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ജയിലില്‍ കഴിയുന്ന ഗൂഢാലോചനാ കേസിലെ മുഖ്യ പ്രതിയും ആര്‍.എസ്.എസ് തിരൂര്‍ മേഖലാ സഹ കാര്യവാഹകുമായ മഠത്തില്‍ നാരായണന്‍, തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍, ഗൂഢാലോചനാകേസില്‍ അറസ്റ്റിലായ വി.എച്ച്.പി തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ എന്നിവര്‍ മഞ്ചേരി ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
നാരായണന്‍ പഴനി, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിരുന്നു.
എന്നാല്‍ നാരായണന്‍ പിടിയിലായി മാസങ്ങള്‍ പിന്നിട്ടിട്ടും ഈസ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയോ ഇയാള്‍ക്ക് താമസിക്കാന്‍ സഹായം ചെയ്തുകൊടുത്തവരെ കണ്ടെത്താനോ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
കൊലപാതകം ആസൂത്രണംചെയ്ത തിരൂര്‍ തൃക്കണ്ടിയൂര്‍ ആര്‍.എസ്.എസ് സേവാമന്ദിര്‍, നന്നമ്പ്ര മേലേപ്പുറം സരസ്വതി വിദ്യാനികേതന്‍ എന്നിവയ്‌ക്കെതിരേ ഇതുവരെ പൊലിസ് നടപടികളൊന്നും എടുത്തിട്ടില്ല.
ഈ സ്ഥാപനങ്ങളില്‍വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ തുടക്കത്തിലേ പൊലിസിനോട് സമ്മതിച്ചിരുന്നു. പ്രധാന സൂത്രധാരന്‍ നാരായണന്‍ കൊലപാതകത്തിനുവേണ്ട സന്ദേശങ്ങള്‍ കൈമാറിയിരുന്നത് സേവാ മന്ദിറിലെ ലാന്‍ഡ് ഫോണില്‍നിന്നാണെന്ന് അന്വേഷണ സംഘം തെളിവ് സഹിതം കണ്ടെത്തിയിരുന്നു. നാരായണന്റെ പേരില്‍ത്തന്നെയാണ് ഈ ഫോണ്‍ കണക്ഷന്‍.
സംഘ് മന്ദിറില്‍ പ്രതികള്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൃത്യം നടത്തിയ ശേഷം ബിബിന്‍ അടക്കമുള്ള നാല് പ്രതികള്‍ എത്തിയത് സംഘ് മന്ദിറിലാണെന്നും രക്തക്കറ കഴുകിക്കളഞ്ഞതായും വസ്ത്രം തീയിട്ടു നശിപ്പിച്ചെന്നും പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിരുന്നു. മേലേപ്പുറം സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചായത്ത് ഓഫിസില്‍ നടത്തിയ അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തിയിരുന്നു.
ഈ സ്ഥാപനങ്ങള്‍ക്കെതിരേയും പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷെ രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേയും ഇതുവരെ നടപടികള്‍ എടുത്തിട്ടില്ല.
പ്രതികള്‍ ആര്‍.എസ്.എസിന്റെയും, വി.എച്ച്.പിയുടെയും നേതാക്കളായതിനാല്‍ ഉന്നതതല ഇടപെടലാണ് അന്വേഷണം വഴിമുട്ടാന്‍ കാരണമെന്നാണ് അറിയുന്നത്.
അന്വേഷണ സംഘത്തലവന്‍ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ ബാബുവിന്റെ നേതൃത്വത്തില്‍ കുറ്റപത്രം തയാറാക്കല്‍ പ്രക്രിയ നടക്കുന്നു എന്നല്ലാതെ കേസില്‍ നിലവില്‍ ഒരന്വേഷണവും നടക്കുന്നില്ല. കൂടാതെ അന്വേഷണച്ചുമതലയിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രനെ മലപ്പുറം ഡി.സി.ആര്‍.ബിയിലേക്ക് മാറ്റി. അന്വേഷണ സംഘത്തിലുണ്ടായിരുന്ന താനൂര്‍ സി.ഐ അലവി ഇപ്പോള്‍ ലീവിലുമാണ്.
അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും,ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുകയാണ് സര്‍വകക്ഷി സമരസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."