പ്രതീക്ഷകളുടെ ജൂണോ..
നാസയുടെ ജൂണോ പേടകം അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി. ശാസ്ത്ര ലോകത്തിന് പ്രതീക്ഷയേകി വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്ക് മാറിയത്.
സൗരയുഥ സൃഷ്ടിയുടെ ആദ്യഘട്ടത്തില്‍ തന്നെ വ്യാഴവും ഉണ്ടായിട്ടുണ്ട്. അതിനാല്‍ വ്യാഴത്തിന്റെ പഠനത്തിലൂടെ സൗരയുഥത്തിന്റെ രൂപീകരണത്തെ കുറിച്ച് സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
- വ്യാഴം
ഭൂമിയേക്കാള്‍ 11 ഇരട്ടി വലുപ്പമുള്ള ഗ്രഹമാണ് വ്യാഴം. ഭൂമിയേക്കാള്‍ 300 മടങ്ങിലേറെ ഭാരമുള്ള വ്യാഴത്തിന് സൂര്യനെ ഒന്നു വലംവയ്ക്കാന്‍ ഭൂമിയിലെ കണക്കനുസരിച്ച് 12 വര്‍ഷം വേണ്ടി വരും. 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് രൂപം കൊണ്ട വ്യാഴത്തെ കുറിച്ച് പഠിക്കുന്നതുവഴി സൗരയുഥ രൂപീകരണത്തെ കുറിച്ച് സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സൗരയുഥത്തിലെ ഏറ്റവും ശക്തമായ റേഡിയേഷന്‍ വരുന്നത് വ്യാഴത്തില്‍ നിന്നാണ്. ഹൈഡ്രജനും ഹീലിയവും കൊണ്ടാണ് വ്യാഴത്തിന്റെ നിര്‍മാണം.
- ജൂണോ
സൗരയുഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴത്തിന്റെ സൃഷ്ടിപരമായ അവസ്ഥ അറിയാനായുള്ള പദ്ധതിയുടെ ഭാഗമാണ് ജൂണോ. നക്ഷത്രങ്ങളിലേതിനു സമാനമായ ഹൈഡ്രജനും ഹീലിയവും കൊണ്ടാണ് വ്യാഴവും നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇതിനു പകരം ഭൂമിയിലേതിനു സമാനമായി ജലത്തിന്റെ സാന്നിധ്യമറിയാനും എന്നെങ്കിലും ജലമുണ്ടായിരുന്നോ എന്നിങ്ങനെയുള്ള വിവരങ്ങളുമറിയാനാണ് ജൂണോ.
- പേടകം
അഞ്ചു വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2011 ആഗസ്തില്‍ ഫ്‌ളോറിഡയിലെ കേപ് കനാവരില്‍ നിന്ന് വിക്ഷേപിച്ചതാണ് ജൂണോ. 113 കോടി ഡോളറിലേറെ ചെലവിട്ടു തയ്യാറാക്കിയതാണ് പേടകം. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തിയത്.
നാലു വര്‍ഷവും 10 മാസവും 29 ദിവസവും കൊണ്ടാണ് പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. 1600 കി.ഗ്രാം ഭാരമുള്ള ജൂണോ വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലെത്തിയത്. ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണ് ജൂണോയുടെ സഞ്ചാരം. ഇതിനു മുമ്പും വിവിധ പേടകങ്ങള്‍ വ്യാഴത്തിന്റെ പഠനാര്‍ഥം അയച്ചിട്ടുണ്ടെങ്കിലും ഇത്രയും അടുത്തേക്ക് മനുഷ്യന്‍ അയയ്ക്കുന്നത് ആദ്യമായിട്ടാണ്. വ്യാഴത്തിന്റെ മേഘക്കൂട്ടത്തിനും 5000 കി.മീറ്റര്‍ മുകളില്‍ വച്ചുവരെ പേടകത്തിന് വിവരങ്ങള്‍ ശേഖരിക്കാനാകും.
- സുരക്ഷ
സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. അതു പോലെ തന്നെ ഭീകരമാണ് വ്യാഴത്തിലെ അവസ്ഥയും. സൗരയുഥത്തിലെ ഏറ്റവും ശക്തമായ റേഡിയേഷനുകളുള്ള ഗ്രങ്ങളിലൊന്നാണ് വ്യാഴം. ഈ റേഡിയേഷനെ നേരിടാനാകാട്ടെ ബഹിരാകാശത്തെ യാതൊന്നിനും ശേഷിയില്ല. അതിനാല്‍ വ്യാഴത്തിനു നേരെ എന്തു വന്നാലും അതിനെ നേരിടുന്നത് ഈ റേഡിയേഷനുകളായിരിക്കും.
വ്യാഴത്തിലെ ഇത്തരം അവസ്ഥകളെ അതീജീവിക്കുന്ന തരത്തിലാണ് ജൂണോയുടെ നിര്‍മാണം. 18 മാസത്തെ ആയുസ്സാണ് പേടകത്തിന്. ടൈറ്റാനിയം കൊണ്ടുള്ള കനപ്പെട്ട ഭിത്തിയുള്ള പെട്ടിയിലാണ് ജൂണോയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന യന്ത്രഭാഗങ്ങളും കണ്‍ട്രോള്‍ സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നത്. ഈ ഭിത്തിയും തകര്‍ത്ത് റേഡിയേഷന്‍ കിരണങ്ങള്‍ വരുന്നതോടെ പേടകത്തിന്റെ കഥ കഴിയും.
ഐ.എസ്.യുവിന്റെ ബൂട്ട് സ്‌പേസിനോളം വലുപ്പമുള്ള ചതുരപ്പെട്ടിയാണിത്. 0.8 സെന്റീമീറ്ററാണ് ഈ ടൈറ്റാനിയം ഭിത്തിയുടെ കനം. 200 കി.ഗ്രാം ഭാരമുള്ള ഈ പെട്ടിയില്‍ ജൂണോയുടെ മസ്തിഷ്‌കമായ 'കമാന്‍ഡ് ആന്‍ഡ് ഡാറ്റാ ഹാന്‍ഡ്‌ലിങ് ബോക്‌സാ'ണ് ഇതിനകത്തുള്ളത്. കൂടാതെ പേടക പ്രവര്‍ത്തനത്തിനാവശ്യമായ 20 ഇലക്ട്രോണിക് ഭാഗങ്ങളും പേടകത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി യൂണിറ്റും ഈ ടൈറ്റാനിയം പെട്ടിയില്‍ ഉണ്ട്.
- പ്രവര്‍ത്തനം
വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ജൂണോ ഉടനെ പ്രവര്‍്ത്തനം തുടങ്ങില്ല. ആദ്യ 107 ദിവസം 'ക്യാപ്ചര്‍ ഓര്‍ബിറ്റ്' എന്ന ഭ്രമണപഥത്തിലൂടെയായിരിക്കും സഞ്ചാരം. പിന്നീട് ഭ്രമണപഥത്തിലേക്ക് കടന്ന് 50 മണിക്കൂറിനകം ഉപകരങ്ങള്‍ ഗവേഷകര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങും.
ബഹിരാകാശ പേടകങ്ങള്‍ക്ക് സാധാരണയായി ഇന്ധനമായി ഉപയോഗിക്കുന്നത് ആണവോര്‍ജമാണ്. എന്നാല്‍, ജൂണോയ്ക്കാകട്ടെ വൈദ്യുതോര്‍ജമാണ് ഉപയോഗിക്കുന്നത്. ജൂണോയുടെ 30 അടി വീതിയുള്ള മൂന്ന് ഭീമന്‍ സൗരോര്‍ജ പാനലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് 500 വാട്ട്‌സ് വൈദ്യുതിയാണ്.
ജൂണോയുടെ പ്രധാന കംപ്യൂട്ടറിന് ഒരു ലാപ്‌ടോപ്പിന്റെ മെമ്മറിയേയുള്ളൂ. ഡാറ്റ സൂക്ഷിച്ചുവയ്ക്കാനായി 256 എം.ബി ഫഌഷ് മെമ്മറിയും 128 എം.ബി ഡൈനാമിക് റാന്‍ഡം ആക്‌സസ് മെമ്മറിയുമുണ്ട്. ബ്രിട്ടീഷ് കമ്പനിയായ ബി.ഇ.എ സിസ്റ്റംസിന്റെ ആര്‍.എ.ഡി 750 സിംഗിള്‍ ബോര്‍ഡ് കംപ്യൂട്ടറാണ് പേടകത്തിലുള്ളത്.
- പേര്
ഗ്രീക്ക് പുരാണങ്ങളില്‍ നിന്നാണ് പേടകത്തിന്റെ പേരിന്റെ ഉല്‍ഭവം. ഗ്രീക്ക് ദേവതയും ഗ്രീക്ക് ഇതിഹാസം ജൂപ്പിറ്ററിന്റെ ഭാര്യയുടെ പേരാണ് പേടകത്തിന് നല്‍കിയിരിക്കുന്നത് - 'ജൂണോ'.
- ശേഷം
ഭ്രമണപഥത്തിലെത്തിയ ജൂണോയ്ക്ക് ഒന്നരവര്‍ഷത്തെ പ്രവര്‍ത്ത ആയുസ്സാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ 37 തവണ ഗ്രഹത്തെ ചുറ്റാനാകും പേടകത്തിന്. 2018 ഫെബ്രുവരി വരെ ജൂണോ പദ്ധതി കൊണ്ടു പോകാനാണ് നാസയുയെ തീരുമാനം. അതിനു ശേഷം ഭ്രമണപഥത്തില്‍ തന്നെ ഇടിച്ചു കയറി പേടകത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാവുന്ന വിധത്തിലാണ് ജൂണോയ്ക്ക നല്‍കിയിരിക്കുന്ന കമാന്‍ഡ്. വ്യാഴത്തിന്റെ മറ്റു ഉപഗ്രഹങ്ങളിലേക്ക് ഇടിച്ചുകയറാതിരിക്കാനാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."