ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ല: ഹൈക്കോടതി
കൊച്ചി: വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്നു മാറ്റുന്നതിനു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ഹൈക്കോടതി.
ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണു പുറത്തുവന്നതെന്നു വിജിലന്‍സുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ കോടതി അറിയിച്ചു. വിജിലന്‍സ് ഡയറക്ടറെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. എന്നാല്‍ പിന്നീടു വന്ന ചാനല്‍ ചര്‍ച്ചകളില്‍ കോടതിക്കെതിരേ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പലരും ഉന്നയിക്കുകയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ രണ്ട് ആവശ്യങ്ങളാണ് ഹരജിക്കാരന്‍ മുഖ്യമായും ഉന്നയിച്ചത്. ജേക്കബ് തോമസ് നടത്തിയ ക്രമക്കേടുകളെക്കുറിച്ചു ധനവകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാനടപടിയടക്കം സ്വീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണം, ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണം എന്നിവയായിരുന്നു ആവശ്യങ്ങള്‍.
എന്നാല്‍ ജേക്കബ് തോമസിനെ മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ സവിശേഷ അധികാരത്തില്‍പ്പെട്ട വിഷയമാണെന്നും സാധാരണ സാഹചര്യങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടില്ലെന്നും ഫെബ്രുവരി 16ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കട്ടേയെന്നും കോടതി നിരീക്ഷിച്ചു.
രണ്ടാമത്തെ ആവശ്യം പരിഗണിക്കവെ വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പ്രവേശിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് അവധിയില്‍ പ്രവേശിച്ചതെന്ന് ഹരജിക്കാരനും ബോധിപ്പിച്ചു. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതാണോ സര്‍ക്കാര്‍ നീക്കിയതാണോ എന്നതു വ്യക്തമല്ല.
വിജിലന്‍സ് ഡയറക്ടറെ മാറ്റിയ പ്രശ്‌നം കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു റിവിഷന്‍ ഹരജിയുടെ കാര്യം കൂട്ടിച്ചേര്‍ത്തു കോടതിയെക്കൂടി വലിച്ചിഴക്കുന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങളിലേക്കും ചാനല്‍ ചര്‍ച്ചകളിലേക്കും നയിച്ചു. ഇത് അനുചിതവും ആക്ഷേപകരവും നീചവുമായ നടപടിയാണ്.
ഒരു ടി.വി ചാനലും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷകനും ഔചിത്യത്തിന്റെയും മാന്യതയുടെയും തൊഴില്‍പരമായ മര്യാദയുടെയും എല്ലാ അതിര്‍ത്തികളും ലംഘിച്ചുവെന്നു മാത്രമല്ല, കോടതിയുടെ പരിഗണനയിലുള്ള റിവിഷന്‍ ഹരജിയില്‍ വിധി സമ്പാദിക്കാന്‍ പരോക്ഷമായി വിലപേശല്‍ നടത്തുകയും ചെയ്തു. ഇത്തരത്തിലുള്ള ചാനല്‍ ചര്‍ച്ചകള്‍ നീതിനിര്‍വഹണത്തിലുള്ള ഇടപെടലായി പരിഗണിക്കേണ്ടി വരും. കോടതിയുടെ പരിഗണനയിലുള്ള കേസിനെ വലിച്ചിഴച്ചതു ധിക്കാരമാണ്.
കോടതിയില്‍ എന്താണു നടന്നതെന്ന് അന്വേഷിക്കാതെയും മനസിലാക്കാതെയുമാണു വിവിധ ചാനലുകള്‍ ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. ന്യായാധിപന്മാര്‍ക്ക് വാര്‍ത്താ സമ്മേളനം നടത്താനോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ കഴിയില്ല.
ജുഡീഷ്യല്‍ ഉത്തരവുകളിലൂടെയാണ് ന്യായാധിപര്‍ സംസാരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ വസ്തുതകളെല്ലാം പരിശോധിച്ച് സര്‍ക്കാര്‍ മൂന്നു മാസത്തിനകം ഉചിതമായ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."