ജീവിക്കാനായി ഇനി മുരളി കൈനീട്ടില്ല..!
തിരൂരങ്ങാടി: ജനനവും മരണവും പുറമ്പോക്ക് ഭൂമിയിലൊതുങ്ങാന്‍ വിധിക്കപ്പെട്ട മുരളി ഇനി അധികാരികള്‍ക്കു മുന്നില്‍ കൈനീട്ടില്ല. എല്ലാവരോടും തോറ്റെന്നു തോന്നിയപ്പോള്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു, എന്നാലും തെരുവുജീവിതങ്ങള്‍ ബാക്കിയാണ്, ഇറുക്കിയടച്ച നീതി നിഷേധത്തിന്റെ കണ്ണുകള്‍ അല്‍പമെങ്കിലും തുറക്കാമെങ്കില്‍ മുരളിയുടെ കുടുംബത്തിനെങ്കിലും ജീവിതം ലഭ്യമാക്കണം.
തിങ്കളാഴ്ച കോഴിച്ചെന കണ്ടംചിറ മൈതാനിയിലെ മരത്തില്‍ തൂങ്ങി മരിച്ച മുരളി (30) ജീവിതത്തിലും മരണത്തിലും നൊമ്പരക്കാഴ്ചയാണ്. പറക്കമുറ്റാത്ത പൈതങ്ങളുമായി കയറിക്കിടക്കാന്‍ ഒരു കൂരയ്ക്കായി ആ യുവാവ് പലതവണ സമൂഹത്തിനും അധികാരികള്‍ക്കും മുന്നില്‍ കൈനീട്ടിയിരുന്നു. നടപടിയൊന്നും ഇല്ലാതിരുന്നപ്പോള്‍ മുരളി തന്റെ ജീവന്‍തന്നെ ഉപേക്ഷിച്ചു പകരം വീട്ടി. കഴിഞ്ഞ നാലിനു പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പെരുമഴയത്തു കരഞ്ഞുകൊണ്ടു കുത്തിയിരുപ്പ് നടത്തിയ മുരളി മക്കള്‍ക്കുറങ്ങാന്‍ ഒരു കൂരയാണ് ആവശ്യപ്പെട്ടിരുന്നത്. ഇല്ലേല്‍ തനിക്കു ജീവിതം വേണ്ടെന്ന് അയാള്‍ സൂചിപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല, പക്ഷേ, മുരളി പറഞ്ഞതുപോലെ ചെയ്തു. ഭാര്യയ്ക്കു പുറമേ നാലു ജീവിതങ്ങളെക്കൂടി തെരുവിലുപേക്ഷിച്ചായിരുന്നു അയാളുടെ ആത്മഹത്യ.
ആറു പതിറ്റാണ്ട് മുന്‍പു കോയമ്പത്തൂരില്‍നിന്നു കാമുകനൊപ്പം ഒളിച്ചോടിയെത്തിയ തങ്കമ്മ എന്ന കുപ്പമ്മയിലൂടെയാണ് തെന്നലയുടെ തെരുവീഥികളില്‍ ഈ കുടുംബമെത്തുന്നത്. കോഴിച്ചെന കണ്ടംചിറ മൈതാനിയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വച്ചുകെട്ടിയ കൊച്ചുകൂരയില്‍ കുപ്പമ്മ നാലു പെണ്‍മക്കളുമൊത്ത് കഴിച്ചുകൂട്ടി. പൂക്കിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പാട്ട പെറുക്കി അഷ്ടിക്കു വകതേടി. കുപ്പമ്മയുടെ ഇളയമകള്‍ വേട്ടക്കാരിയുടെ മകനാണ് മുരളി. 2001ല്‍ പൂക്കിപ്പറമ്പിലെ കടത്തിണ്ണയില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശ്രീദേവി എന്ന ബാലികയെ തന്റെ കൂരയില്‍ വളര്‍ത്തിയതോടെയാണ് കുപ്പമ്മയും കുടുംബവും ജനശ്രദ്ധയാകര്‍ഷിച്ചത്.
സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ശ്രീദേവിയെ ദത്തെടുത്ത് ആലുവ ജനസേവ ശിശുഭവനിലെത്തിച്ചു. ശ്രീദേവി പോയതോടെ കുടുംബത്തിനു നാട്ടുകാരുടെ സഹായവും ഇല്ലാതായി. ശ്രീദേവിയുടെ കളിക്കൂട്ടുകാരനും സഹപാഠിയുമായിരുന്ന മുരളി അവളെ ഒരു നോക്കെങ്കിലും കാണണമെന്നു പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി കുടുംബം ശിശുഭവനിലെത്തിയെങ്കിലും പൊലിസിന്റെ സഹായത്തോടെ അധികൃതര്‍ ഇവരെ ഓടിച്ചു. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശ്രീദേവിയുടെ സംരക്ഷണം ശിശുഭവനെ ഏല്‍പ്പിക്കുകയും ചെയ്തു. കുപ്പമ്മ മരിച്ചതിനു ശേഷം 2015ല്‍ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ശ്രീദേവിയുടെ വിവാഹം ശിശുഭവനില്‍ നടന്നു. തുടര്‍ന്ന് ഇവരും ഭര്‍ത്താവും മുരളിയെയും കുടുംബത്തെയും കാണാന്‍ പൂക്കിപ്പറമ്പിലെത്തിയിരുന്നു. ഇതിനിടെ വിവാഹിതനായ മുരളി ഭാര്യയും നാലു പിഞ്ചു കുരുന്നുകളുമായി വെന്നിയൂരിലെ തെരുവോരത്തുതന്നെ അന്തിയുറങ്ങി.
ശ്രീദേവിയടക്കമുള്ള കുപ്പമ്മയുടെ കുടുംബത്തിനു വീടൊരുക്കാന്‍ 2002ല്‍ തെന്നല സഹകരണ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് (നമ്പര്‍ 7816) ആരംഭിച്ചിരുന്നു. പഞ്ചായത്തും വാഗ്ദാനം നല്‍കിയിരുന്നുവത്രെ. കൂടാതെ നടന്‍ സുരേഷ്‌ഗോപിയും വീടിന്റെ ചെലവ് വഹിക്കാന്‍ മുന്നോട്ടുവന്നിരുന്നു.
എന്നാല്‍, എല്ലാം പാതിവഴിയില്‍ നിലച്ചു. ലൈഫ് ഭവന പദ്ധതിയില്‍ വീടിനുവേണ്ടി മുരളി തെന്നല പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ലിസ്റ്റില്‍ പക്ഷേ ഉള്‍പ്പെട്ടില്ല. തെരുവില്‍ ജീവിക്കാന്‍ പൊലിസും സാമൂഹ്യദ്രോഹികളും സമ്മതിക്കുന്നില്ലെന്നും അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും മുരളി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തതാണ് മുരളിയെ പുറത്താക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രത്യേക അനുമതിയിലൂടെ ഇവരുടെ വീടിന്റെ കാര്യത്തിനു ശ്രമം നടത്തിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."