ട്രെയിനിന് സ്റ്റോപ്പില്ല: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരൂര്‍: സാധാരണക്കാരായ യാത്രക്കാര്‍ക്ക് അതിവേഗം സഞ്ചരിക്കാന്‍ സൗകര്യമൊരുക്കി സര്‍വിസ് തുടങ്ങിയ അന്ത്യോദയ എക്‌സ്പ്രസിനു ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. വിഷയത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
തിരൂര്‍ റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് കമ്മിഷന്‍ അംഗം അഡ്വ. കെ. മോഹന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ റിസര്‍വേഷനില്ലാതെ സര്‍വിസ് നടത്തുന്ന പുതിയ അതിവേഗ ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. ഇതിനു ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ ദക്ഷിണ റെയില്‍വേ ഡിവിഷനല്‍ മാനേജറോടു വിശദീകരണം തേടുമെന്നു കമ്മിഷന്‍ വ്യക്തമാക്കി.
പുതിയ ട്രെയിനിനു ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പ് അനുവദിക്കാത്തത് ഉചിതമല്ലെന്നും സ്റ്റോപ്പ് അനുവദിക്കാന്‍ നടപടിയെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.
മാതാപിതാക്കളുടെ അറിവോടെ രണ്ടു പെണ്‍കുട്ടികള്‍ ശാരീരിക പീഡനത്തിനിരയായ കേസില്‍ ജില്ലാ സാമൂഹികനീതി ഓഫിസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചു. എന്നാല്‍, ജില്ലാ പൊലിസ് മേധാവി ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാത്തതില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തി.
ഇ-പോസ് സംവിധാനം നടപ്പാക്കിയതിനാല്‍ റേഷന്‍ ഷോപ്പില്‍ നേരിട്ടെത്തി അരിയും ധാന്യങ്ങളും വാങ്ങാനാകുന്നില്ലെന്ന തിരൂരങ്ങാടി സ്വദേശിനിയായ വയോധിക കല്യാണിയമ്മയുടെ പരാതിയില്‍ ജില്ലാ കലക്ടറോടും ജില്ലാ സപ്ലൈ ഓഫിസറോടും വിശദീകരണം തേടി. 42 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 16 എണ്ണം തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."