കടല്‍ഭിത്തി നിര്‍മാണം: തലശ്ശേരി കടപ്പുറത്ത് വീണ്ടും സംഘര്‍ഷാവസ്ഥ
തലശ്ശേരി: ജനറല്‍ ആശുപത്രി മുതല്‍ ജവഹര്‍ഘട്ട് വരെയുള്ള കടല്‍തീരത്ത് കടല്‍ഭിത്തി പണിയാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍ ഇന്നലെയും രംഗത്തത്തിയത് നേരിയ സംഘര്‍ഷാവസ്ഥക്ക് കാരണമായി. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയും സ്ഥലം എം.എല്‍.എ എത്തിയാല്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന് ശേഷം പ്രവൃത്തികള്‍ പുനരാരംഭിക്കാമെന്നും ഇറിഗേഷന്‍ എ.ഇ ടി.വി സിന്ധുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. തലശ്ശേരി കടല്പാലം മുതല്‍ ജനറല്‍ ആശു്പതി കുട്ടികളുടെ വാര്‍ഡ് വരെയുള്ള ഭാഗത്ത് കടല്‍ഭിത്തി തകര്‍ന്നതിനെ തുടര്‍ന്നും മൊത്ത മല്‍സ്യ മാര്‍ക്കറ്റ് റോഡും ലോറി പാര്‍ക്കിങ് യാഡും ഒലിച്ചു പോയതിനെ തുടര്‍ന്നുമാണ് ഈ ഭാഗങ്ങളില്‍ അടിയന്തിരമായി കടല്‍ഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനറല്‍ ആശുപത്രി മുതല്‍ ജവഹര്‍ഘട്ട് വരെ കടല്‍ഭിത്തി പണിയാന്‍ സര്‍വെ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച തന്നെ പ്രതിഷേധവുമായി തൊഴിലാളികള്‍ തടയുകയും സര്‍വെ നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഈ ഭാഗങ്ങളില്‍ 82 മീറ്ററോളം നീളത്തില്‍ കടല്‍ഭിത്തി പണിയുന്നതില്‍ മല്‍സ്യതൊഴിലാളികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ ഭാഗത്താണ് മല്‍സ്യതൊഴിലാളികളുടെ ഫൈബര്‍ ബോട്ട് മോട്ടോറും മറ്റു ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ് കെട്ടിയിരിക്കുന്നത്. ഇവിടെ കടല്‍ഭിത്തി പണിതാല്‍ വലയും മറ്റു ഉപകരണങ്ങളും സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാതെ വരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."