മലപ്പുറത്തേക്ക് വോട്ടുചെയ്യാന്‍ പറന്നാല്‍ പ്രവാസികളുടെ കൈപൊള്ളും
കൊണ്ടോട്ടി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊതിക്കുന്ന പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് ഇരുട്ടടിയായി. സഊദി, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെല്ലാം വോട്ടിനോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കൊതിച്ച പ്രവാസികള്‍ക്കാണ് വിമാനക്കമ്പനികളുടെ നിരക്കുവര്‍ധന വിലങ്ങുതടിയായത്. വേനല്‍ അവധി മുന്‍നിര്‍ത്തി നിരക്ക് വര്‍ധനവിനൊപ്പം വിമാന ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ മൂലം നാട്ടില്‍ അവധിയിലെത്തിയ പ്രവാസികളും ഗള്‍ഫ് ഉപേക്ഷിച്ചവരും പ്രത്യക്ഷത്തിലുളള പ്രചരണത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. കുടുംബ സംഗമങ്ങള്‍ നടത്തുന്നത് പോലെയുളള പ്രചരണത്തിലാണ് ഇവര്‍ ശ്രദ്ധിക്കുന്നത്.
മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ളവരില്‍ ബഹുഭൂരിപക്ഷവും സഊദിയിലാണ് ജോലി ചെയ്യുന്നത്. ദുബൈ, ഷാര്‍ജ, അബൂദബി, മസ്‌ക്കറ്റ്, കുവൈത്ത് മേഖലയില്‍ ചെറിയൊരു വിഭാഗമേയുള്ളൂ.
ജിദ്ദ, ദമാം, റിയാദ് മേഖലയില്‍ നിലവില്‍ വിമാന നിരക്ക് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. സാധാരണ 9,700 രൂപ മുതല്‍ 11,500 രൂപക്കുവരെ ലഭിച്ചിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 27,000 മുതല്‍ 35,000 വരെയാണ്. ഉംറ സീസണ്‍ കൂടിയായതിനാല്‍ നിരക്ക് കുത്തനെ കൂടുകയാണ്. യു.എ.ഇ മേഖലയിലേക്ക് 4,500 മുതല്‍ 7,000 രൂപക്ക് വരെ ലഭിച്ചിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 15,000 മുതല്‍ 20,000 വരെയായിട്ടുണ്ട്.
നേരത്തെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് വരെ ഒരുമിച്ച് വോട്ട് ചെയ്യാനെത്തിയിരുന്ന പ്രവാസകള്‍ക്ക് വിമാനനിരക്കും ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളും മൂലം മടങ്ങാനാവുന്നില്ലെന്ന് ഇവര്‍ തന്നെ പറയുന്നു.
എന്നാല്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താനാവുന്നില്ലെങ്കിലും അക്കരെ നിന്ന് ദിനേന വോട്ടഭ്യര്‍ഥിച്ച് പ്രചാരണത്തിന് മുതിരാന്‍ ഇവര്‍ മറക്കുന്നില്ല. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ചെയ്യാണമെന്ന് അഭ്യര്‍ഥിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
സഊദിയിലെ പ്രധാന പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രവാസി തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.കെ.എം.സി.സി സഊദി നാഷനല്‍ കമ്മറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ചെയര്‍മാനും അരിമ്പ്ര അബൂബക്കര്‍ കണ്‍വീനറുമായുളള കമ്മറ്റി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണത്തിനായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."