പാതയോരത്തെ മദ്യശാല നിരോധനം: രാഷ്ട്രപതിയുടെ റഫറന്‍സിനായി കേന്ദ്രം
ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രപതിയുടെ റഫറന്‍സ് നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു.
ഉത്തരവില്‍ വിശദീകരണം തേടുന്ന റഫറന്‍സ് സുപ്രിംകോടതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചേക്കും. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. കര്‍ണാടക ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചേക്കുമെന്നാണ് സൂചന.
മദ്യശാല നിരോധനം സാമ്പത്തിക രംഗത്തെയും വിനോദ സഞ്ചാര മേഖലകളെയും പ്രത്യാഘാതത്തിലാക്കിയെന്ന പേരിലാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം മുന്നിട്ടിറങ്ങുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറലുമായി കൂടിയാലോചന നടത്തി.
സുപ്രിംകോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രിംകോടതിയുടെ 'റഫറന്‍സിന്' വിടാന്‍ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ 143 അനുച്ഛേദപ്രകാരം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലാണ് കേന്ദ്രസര്‍ക്കാരിന് നടപടി സ്വീകരിക്കാനാവുക. രാഷ്ട്രപതി മുഖേന സര്‍ക്കാര്‍ ചോദിക്കുന്ന വിശദീകരണങ്ങള്‍ക്കും സംശയങ്ങള്‍ക്കും സുപ്രിംകോടതി മറുപടി നല്‍കണം.
കോടതി ഉത്തരവിനെതിരെ സംസ്ഥാനങ്ങളും ബാറുകളും ഹോട്ടലുകളും സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയാണെങ്കില്‍ കേന്ദ്രം പിന്തുണക്കാനും സാധ്യതയുണ്ട്. രാഷ്ട്രപതി സുപ്രിംകോടതിയോട് വ്യക്തത ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവല്‍കരിച്ച് വിഷയം വീണ്ടും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."