സെയില്‍സ്മാന്‍ ചമഞ്ഞെത്തി മോഷണം; യുവാവ് പൊലിസ് പിടിയില്‍
പുല്ലൂര്‍ : ആനുരുളി പൊതുമ്പുചിറ വീട്ടില്‍ കൃഷ്ണന്റെ വെട്ടില്‍ പട്ടാപകല്‍ മോഷണത്തിന് ശ്രമിച്ച കുറ്റിച്ചിറ കൈതാരത്തു വീട്ടില്‍ സെബാസ്റ്റ്യന്‍ പോള്‍ (26) എന്നയാളെ ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും പിടികൂടി.
സെയില്‍സ്മാന്‍ എന്ന വ്യാജേന പട്ടാപകല്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന രീതിയാണു ഇയാള്‍ക്ക്.
ആനുരുളിയിലെ വീടിന്റെ പുറകുവശത്തെ വാതില്‍ വഴി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ നിന്നും മോഷ്ടിച്ച പണവും സ്വര്‍ണവുമടങ്ങിയ ബാഗുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.
മാന്യമായ വസ്ത്രം ധരിച്ചു പ്രമുഖ സ്വകാര്യകമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആണെന്ന് വ്യാജ തിരിച്ചറിയല്‍ രേഖയുമായി വീടുകളില്‍ ചെന്നു വാക്ചാതുര്യത്തോടെ സംസാരിച്ച് വീട്ടുടമസ്ഥരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി എന്നു പൊലിസ് പറഞ്ഞു.പിടിയിലായ പ്രതി സമീപകാലം കൊടകര വാസുപുരത്തെ ഒരു വീട്ടില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായി പൊലിസിനോട് സമ്മതിച്ചു.
ഇയാള്‍ക്കെതിരേ കോട്ടയം ടൗണ്‍ പൊലിസ് സ്റ്റേഷന്‍ ഉള്‍പെടെ നിരവധി സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.
സമാനരീതിയില്‍ പ്രതി മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി എസ്.ഐ പറഞ്ഞു. വീടുകള്‍ കയറി കച്ചവടത്തിനു വരുന്നവരെ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും പൊലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ എം.വി തോമസ്സ് , ഡെന്നീസ് , എന്‍ സുധീഷ് , രാകേഷ് എന്നിവരാണ് ഉണ്ടായിരുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."