മഴനനഞ്ഞ് കാടുകാണാന്‍ വിദ്യാര്‍ഥി കൂട്ടം
പുതുക്കാട്: കടല്‍ക്കാറ്റിനോടു കിന്നാരം പറയുന്ന കുട്ടികള്‍ കാടിന്റെ ചൂളം വിളികളും മര്‍മരങ്ങളും കേള്‍ക്കാനായി ചിമ്മിനി കാടുകളിലേക്കെത്തി.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'കടലറിയാന്‍, കാടറിയാന്‍' പ്രകൃതി പഠന പരിപാടിയുടെ ഭാഗമായിട്ടാണ് പെരിഞ്ഞനം യൂനിറ്റിലെ കുട്ടികള്‍ ചിമ്മിനി വനമേഖല സന്ദര്‍ശിക്കാനെത്തിയത് .
തീരദേശ മേഖലയായ പെരിഞ്ഞനത്തു നിന്നുള്ള ഇരുനൂറോളം പേരാണു ചിമ്മിനിയിലെത്തിയത്.
കാടും മലയും പരിചയപ്പെടാനെത്തിയ കുട്ടികള്‍ പുലിക്കണ്ണിയിലെ സര്‍ക്കാരിന്റെ മുള ഗവേഷണകേന്ദ്രത്തിലെത്തി.
വിവിധയിനം മുളകളും മുളയുല്‍പന്നങ്ങളും പരിചയപ്പെട്ടു. ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ചുമതലക്കാരനായ ജിനേഷ് മുളയിനങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
തുടര്‍ന്ന് ഒരു കിലോ മീറ്ററോളം എച്ചിപ്പാറ വനത്തിലൂടെ മഴനടത്തം. ചിമ്മിനി ഡാമും കാരികുളം ആട്ടു പാലവും കണ്ടാണു കുട്ടികള്‍ കാടറിവിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.
യാത്രയില്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന പക്ഷി നിരീക്ഷകരായ ഗോപിക, മിനി തെറ്റയില്‍ കുട്ടികള്‍ക്കു വിവിധയിനം പക്ഷികളെയും പരിചയപ്പെടുത്തി.
പരിഷത്ത് പെരിഞ്ഞനം യൂനിറ്റ് പ്രവര്‍ത്തകരായ പി.ബി സജീവന്‍, എം.ഡി ദിനകരന്‍, കെ.കെ കസീമ, എം.ജി ജയശ്രീ, കൊടകര മേഖല ബാലവേദി കണ്‍വീനര്‍ കെ.വി മനോജ്, കെ.കെ അബ്ദുള്‍ ഗഫൂര്‍, എസ്. ശിവദാസ്, രാജന്‍ നെല്ലായി, വര്‍ഗ്ഗീസാന്റണി, വനം വകുപ്പ് ഉദ്യോഗസ്ഥരായ ബൈജു ജോര്‍ജ്, ബെസ്റ്റ്യന്‍ വര്‍ഗ്ഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രകൃതി പഠന പരിപാടിയുടെ ഭാഗമായി നേരത്തേ കൊടകര യൂനിറ്റിലെ കുട്ടികള്‍ തീരദേശ മേഖല സന്ദര്‍ശിക്കുകയും കടലും കടലോര ജീവിതവും നേരിട്ടറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."