ജോലിഭാരം: മോട്ടോര്‍ വാഹനവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിന്
കല്‍പ്പറ്റ: മോട്ടോര്‍ വാഹനവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു.
ജോലിഭാരംകൊണ്ടും വകുപ്പിനോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി 18,19,20 തിയതികളില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ 72 മണിക്കൂര്‍ രാപകല്‍ സത്യഗ്രഹം നടത്തും. സംസ്ഥാനത്ത് വാഹനപ്പെരുപ്പത്തിനൊപ്പം വര്‍ധിച്ചുവരുന്ന രജിസ്‌ട്രേഷന്‍ ജോലികള്‍ ചെയ്യുന്നതിന് ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുന്നില്ല. ഇത് വകുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്നുണ്ട്. 745 മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. വാഹന രജിസ്‌ട്രേഷനും ലൈസെന്‍സ് സംബന്ധമായ മറ്റ് ജോലികളും ദിനംപ്രതി വര്‍ധിച്ചുവരുമ്പോഴാണ് ജീവനക്കാരുടെ കുറവ് തടസമാകുന്നത്. കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആവശ്യം നിഷേധിക്കുകയായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്താനെന്ന പേരില്‍ 17 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും അനുബന്ധമായി 111 സാങ്കേതിക തസ്തികകളും സൃഷ്ടിച്ചിരുന്നു. അതില്‍ മിനിസ്റ്റീയല്‍ വിഭാഗത്തിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കുലര്‍ വഴി ജീവനക്കാരെ ഡ്രൈവിങ് ടെസ്റ്റ്, സി.എഫ് ടെസ്റ്റ്, ചെക്‌പോസ്റ്റ് ഡ്യൂട്ടി തുടങ്ങിയ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയമിച്ചു. ഇപ്പോള്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. പുതുതായി രൂപീകരിച്ച ആറ് സബ് ആര്‍ടി ഓഫിസുകളിലും മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ല.
സാങ്കേതിക വിഭാഗത്തിന് ആനുപാതികമായി മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിക്കുക, ടാക്‌സേഷനും അനുബന്ധ ജോലികള്‍ക്കും അധിക ജീവനക്കാരെ നിയമിക്കുക, ഓഫിസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, എല്ലാ സബ് ആര്‍.ടി ഓഫിസുകളിലും സീനിയര്‍ സൂപ്രണ്ടുമാരുടെ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.
രാപകല്‍ സത്യഗ്രഹത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിനോദ്കുമാര്‍, ജില്ലാ പ്രസിഡന്റ് പി.എസ് വിനോദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."