നീലഗിരിയിലും മഴ തുടരുന്നു
ഗൂഡല്ലൂര്‍: നീലഗിരിയിലും മഴ ശക്തമായി തുടരുന്നു. ജില്ലയിലെ ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലാണ് ദിവസങ്ങളായി മഴ ശക്തമായിട്ടുള്ളത്.
എന്നാല്‍ കോത്തഗിരി, കുന്നൂര് താലൂക്കുകളില്‍ മഴക്ക് താരതമ്യേന ശക്തി കുറവാണ്. ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗൂഡല്ലൂര്‍ താലൂക്കില്‍ പെയ്ത മഴയില്‍ ബാര്‍വുഡ്, പാണ്ടിയാര്‍, മായാര്‍, ഒന്നാം മൈല്‍ എന്നിവിടങ്ങളിലെ പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നത് സമീപ വാസികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഒന്നാം മൈല്‍, വേടന് വയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം നീലഗിരിയിലെ അവലാഞ്ചി നടുവട്ടം 98 മി.മീറ്റര്‍, അവലാഞ്ചി 80, അപ്പര്‍ഭവാനി78, ദേവാല 75, ഗൂഡല്ലൂര്‍ 71, ഗ്ലന്‍ മോര്ഗന് 66, എമറാള്‍ഡ് 37, ഊട്ടി 17, കുന്താ 16, കേത്തി 13, കോടനാട് 10, കല്ലട്ടി, കുന്നൂര് 3, ചിന്നക്കര, കോത്തഗിരി എന്നിവിടങ്ങളില്‍ ഓരു മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.
ജില്ലയില്‍ ഇതുവരെ ഒന്‍പതു വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
കുന്തയില്‍ അഞ്ചു വീടുകള്‍ക്കും ഗൂഡല്ലൂരിലും ഊട്ടിയിലും രണ്ടു വീതം വീടുകള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."