പൊതുമാപ്പ്; രാജ്യം വിടുന്നവര്‍ക്ക് ടിക്കറ്റ് നിരക്ക് ഇളവുമായി എയര്‍ ഇന്ത്യ
ജിദ്ദ: പൊതുമാപ്പ് ആനുകൂല്യം നേടി രാജ്യം വിടുന്ന ഇന്ത്യക്കാര്‍ക്ക് ഓഫറുമായി എയര്‍ ഇന്ത്യ. ടിക്കറ്റ് നിരക്കില്‍ വന്‍ നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് കുറച്ചതെന്നും രാജകാരുണ്യം ഉപയോഗപ്രദമാക്കാന്‍ ഇന്ത്യന്‍ എംബസി നടത്തുന്ന ശ്രമങ്ങളില്‍ എയര്‍ ഇന്ത്യ കൈകോര്‍ക്കുന്നതിന്റെ ഭാഗമാണിതെന്നും റിയാദ് റീജനല്‍ മാനേജര്‍ കുന്ദന്‍ ലാല്‍ ഗൊത്തുവാള്‍ അറിയിച്ചു.
റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ സഊദിയുടെ എല്ലാ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ആനുകൂല്യം. ഡല്‍ഹിയിലേക്ക് മാത്രം 659 റിയാലും ബാക്കി എല്ലായിടങ്ങളിലേക്കും 595 റിയാലുമാണ് നിരക്ക്. 500 റിയാലാണ് യഥാര്‍ഥ കൂലി. ബാക്കി നികുതിയാണ്. ഡല്‍ഹിയിലേക്ക് മാത്രം 159 റിയാലാണ് നികുതി. ബാക്കി കേന്ദ്രങ്ങളിലേക്ക് 95 റിയാലും. ഇന്നലെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. പൊതുമാപ്പ് അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമായ ജൂണ്‍ 27 വരെ നിരക്കിളവ് നീണ്ടുനില്‍ക്കും.
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയിലേക്ക് പോകുന്നത് എന്ന് തെളിയിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ രേഖ, ഔട്ട് പാസ്, ഹുറൂബാണെങ്കില് അതു തെളിയിക്കുന്ന ജവാസാത്ത് രേഖ എന്നിവയുമായി എയര്‍ ഇന്ത്യ ഓഫിസിലെത്തിയാല്‍ ടിക്കറ്റ് നല്‍കും. സാധാരണ യാത്രക്കാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഇന്ത്യന്‍ അംബാസഡറുടെ അഭ്യര്‍ഥന പ്രകാരമാണ് എയര്‍ ഇന്ത്യ ആനുകൂല്യം അനുവദിച്ചതെന്നും കുന്ദന്‍ ലാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."