വിഴിഞ്ഞത്തിന് തിരിച്ചടി; കുളച്ചല്‍ പദ്ധതിക്ക് അംഗീകാരം
ചെന്നൈ: തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. തീരുമാനം വിഴിഞ്ഞത്തിന് തിരിച്ചടിയാകും. കണ്ടെയ്‌നര്‍ നീക്കത്തിന്റെ പ്രധാനകേന്ദ്രമായി കുളച്ചല്‍ മാറിയേക്കും. രാജ്യാന്തര തുറമുഖ കപ്പല്‍ ചാലിനോടത്തുള്ളത് കുളച്ചലാണ്. 10 നോട്ടിക്കല്‍ മൈലിന് താഴെ മാത്രമാണ് കുളച്ചലിന്റെ ദൂരം. വിഴിഞ്ഞത്തിനാകട്ടെ ഇതിനേക്കാള്‍ ദൂരമുണ്ട്. കുളച്ചല്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ സിലോണില്‍ നിന്നുള്ള ചരക്കുമാര്‍ഗം കുളച്ചല്‍ വഴിയാകും. അതോടെ വിഴിഞ്ഞം തുറമുഖം നോക്കുകുത്തിക്ക് സമാനമാകും. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുളച്ചലിനാണ്. പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയ തുക നോക്കിയാല്‍ മാത്രം മതി. 7526 കോടി രൂപ കേന്ദ്രം വിഴിഞ്ഞത്തിന് നല്‍കുമ്പോള്‍ 21,000 കോടിയിലധികം രൂപയാണ് കുളച്ചലിന് കേന്ദ്രം നല്‍കുന്നത്. കുളച്ചല്‍ യാഥാര്‍ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി കുളച്ചല്‍ മാറും.
കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തെ ബാധിക്കില്ലെന്നും രണ്ടു തുറമുഖങ്ങള്‍ക്കും ഒരുമിച്ചു വളരാനുള്ള അവസരമുണ്ടെന്നുമാണു കേന്ദ്ര ഗതാഗത, ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു.
വിഴിഞ്ഞവും കുളച്ചലും തമ്മിലുള്ള ദൂരം 36 കി.മീറ്റര്‍ മാത്രമാണ്. അതായത് 19.8 നോട്ടിക്കല്‍ മൈല്‍ ദൂരം. വിഴിഞ്ഞത്തെ പോലെതന്നെ രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്ന് ഒന്നരമണിക്കൂര്‍ ദൂരമേയുള്ളൂ കുളച്ചലിലേക്കും. എന്നാല്‍, കുളച്ചലിലേക്കാളും സ്വാഭാവിക ആഴം കൂടുതലാണ് വിഴിഞ്ഞത്തിന്. വിഴഞ്ഞത്ത് 20 മീറ്റര്‍ ആഴമുണ്ട്. അതിനാല്‍ തന്നെ 22,000 ടി.ഇ.യു ശേഷിയുള്ള പടുകൂറ്റന്‍ കപ്പല്‍ അടുപ്പിക്കാനാകും. എന്നാല്‍ കുളച്ചലിനാകട്ടെ 15 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. എന്നാല്‍, രാജ്യന്തര കപ്പല്‍ ചാലിലേക്ക് മാര്‍ഗം തെളിയിക്കാന്‍ കുളച്ചലിന് അടിത്തട്ടിലെ പാറകള്‍ പൊട്ടിക്കേണ്ടി വരും. പക്ഷേ കേരളത്തിലെ തടസ്സങ്ങള്‍ മുതലെടുത്ത് രാജ്യാന്തര തുറമുഖം കുളച്ചലിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു തമിഴ്‌നാട്. അതിനാണ് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."