മിസോറം ഗവര്‍ണര്‍ കുമ്മനം ഇന്നെത്തും, ഇസഡ് പ്ലസ് സുരക്ഷയില്‍
തിരുവനന്തപുരം: പഴയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായല്ല, കൃത്യമായ പ്രോട്ടോക്കോളും ഔദ്യോഗിക പരിവേഷവുമായി കുമ്മനം രാജശേഖരന്‍ ഇന്ന് കേരളത്തിലെത്തും. മിസോറം ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വരവാണ് ഇത്. അതും ഇസഡ് പ്ലസ് സുരക്ഷയില്‍. നാളെ ശബരിമലയില്‍ ദര്‍ശനം നടത്തും. 20 വരെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇനി പഴയപോലെ അല്ല കാര്യങ്ങള്‍. കുമ്മനം ഇനി സംസ്ഥാനത്തിന്റെ അതിഥി കൂടിയാണ്. സ്വീകരിക്കാന്‍ കലക്ടറോ ജില്ലാ പൊലിസ് മേധാവിയോ നേരിട്ടെത്തണം. ഗാര്‍ഡ് ഓഫ് ഓണര്‍ വേണം. എങ്ങോട്ട് പോകണമെങ്കിലും ഏഴു ദിവസം മുന്‍പ് രാഷ്ട്രപതിയുടെ അനുമതി തേടണം. പ്രത്യേക വിമാനം വേണം. അങ്ങനെ എന്തിനും ഏതിനും കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായ ചില ചുമതലകള്‍ മിസോറം ഗവര്‍ണര്‍ക്കുണ്ട്. മൂന്നു ജില്ലാ കേന്ദ്രങ്ങളുടെ ഭരണം ഗവര്‍ണറുടെ മേല്‍നോട്ടത്തിലാണ്. ബംഗ്ലദേശും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്നതിനാല്‍ സൈന്യത്തിനാണ് സുരക്ഷാച്ചുമതല. രാജ്ഭവനു ചുറ്റും നൂറ് സി.ആര്‍.പി.എഫ് ഭടന്‍മാരുടെ സുരക്ഷ. അതിനു പുറമേ അസം റൈഫിള്‍സിന്റെ അന്‍പത് പേരും രഹസ്യാന്വേഷണ വിഭാഗവും സദാസമയവും രംഗത്തുണ്ട്. സുരക്ഷ ഏകോപിപ്പിക്കുന്നത് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും സി.ആര്‍.പി.എഫിന്റെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനും. സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോസ്ഥനും രാജ്ഭവന്‍ വളപ്പില്‍ അന്‍പതോളം ഉദ്യോഗസ്ഥരടങ്ങുന്ന ഒരു മിനി സെക്രട്ടേറിയറ്റുമുണ്ട്.
അതേസമയം കുമ്മനത്തിന്റെ വരവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. മിസോറം ഗവര്‍ണറായെത്തുന്ന കുമ്മനം രാജശേഖരനെ മുഖ്യമന്ത്രി നേരില്‍ച്ചെന്ന് സ്വീകരിക്കേണ്ടി വരുമെന്നുമൊക്കെ പലരും വച്ചു കാച്ചുന്നുണ്ട്.
എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണറെക്കാള്‍ ഒരു പടിമുന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."