നിപാ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ പ്രശംസ
കൊച്ചി : നിപാ വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്ക് ഹൈക്കോടതിയുടെ പ്രശംസ. നിപാ വൈറസ് കേസുകളൊന്നും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണ് - ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, മെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ സമയം കളയാതെ രംഗത്തെത്തി പ്രവര്‍ത്തനം തുടങ്ങിയെന്ന് കോടതി പറഞ്ഞു. രോഗം പടരുന്നത് തടയാന്‍ ഇവര്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു.
കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനം മികച്ചതായിരുന്നെന്നും മറ്റു സംസ്ഥാനങ്ങളിലാണ് നിപാ വൈറസ് ബാധയുണ്ടായതെങ്കില് ഇതിനോടു കിട പിടിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു.
നിപാ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ പ്രചരിപ്പിച്ച മോഹനന് വൈദ്യര്, ജേക്കബ് വടക്കഞ്ചേരി എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാര്‍ഥി പി.കെ അര്ജുന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി സംസ്ഥാനത്തെ പ്രശംസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."