സംസ്ഥാനത്ത് ഭൂമി പോക്കുവരവ് കാത്ത് കിടക്കുന്നത് 71,440 അപേക്ഷകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജ് ഓഫിസുകളില്‍ ഭൂമി പോക്കുവരവ് ചെയ്തുകിട്ടാനുള്ളവരുടെ എണ്ണം കൂടുന്നു. തീര്‍പ്പ് കല്‍പ്പിക്കാതെ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 71,440 അപേക്ഷകള്‍.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. 29,178 അപേക്ഷകളാണ് ഇവിടെ വിധി കാത്തു കിടക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ഒരു അപേക്ഷയും കെട്ടിക്കിടക്കുന്നില്ല. തിരുവനന്തപുരത്ത് 9,382ഉം, കൊല്ലത്ത് 2,812ഉം, പത്തനംതിട്ടയില്‍ 1,050ഉം, ആലപ്പുഴയില്‍ 1,030ഉം, കോട്ടയത്ത് 6,892ഉം, ഇടുക്കിയില്‍ 367ഉം, എറണാകുളത്ത് 2,118ഉം, പാലക്കാട്ട് 7,015ഉം, കോഴിക്കോട്ട് 5,033ഉം, വയനാട്ടില്‍ 5,523ഉം, കണ്ണൂരില്‍ 1,031ഉം അപേക്ഷകളാണ് വില്ലേജ് ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നത്. ഭൂമിയ്ക്ക് പോക്കുവരവ് തീര്‍ത്ത് കിട്ടാത്തതിനാല്‍ വീട് വയ്ക്കാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ വലയുകയാണ് അപേക്ഷകര്‍. കോടതി വിധി ഉണ്ടായിട്ടും പല വില്ലേജ് ഓഫിസുകളിലെയും ഉദ്യോഗസ്ഥര്‍ പോക്കുവരവ് തീര്‍ത്തു നല്‍കാതെ അപേക്ഷകരെ നെട്ടോട്ടമോടിക്കുകയാണ്.
അതേസമയം, കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഉടന്‍ പോക്കുവരവ് തീര്‍ത്ത് നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. കോടതി വിധി ഉണ്ടായിട്ടും പോക്കു വരവ് നല്‍കാത്തതായുള്ള കേസുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രദ്ധയില്‍ പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."