ഇന്റര്‍നെറ്റില്‍ ഇനി സ്വകാര്യതയില്ല
വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ ബ്രൗസിങ് വിവരങ്ങള്‍ വില്‍ക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് അനുമതി നല്‍കുന്ന ബില്ലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇതുസംബന്ധിച്ച് നിലവിലുള്ള സ്വകാര്യതാ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതാണ് ബില്‍. നേരത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിലും കോണ്‍ഗ്രസിലും ബില്‍ പാസായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ബില്ലില്‍ ഒപ്പുവച്ചതോടെ നിയമമായി. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ (എഫ്.സി.സി) എന്നാണ് നിയമത്തിന്റെ പേര്.
ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് പുതിയ നിയമം. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റിലെ തിരച്ചില്‍ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ഇനി സേവനദാതാക്കള്‍ക്ക് വില്‍ക്കാനാകും. തിരച്ചില്‍ രേഖ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും വ്യക്തിയുടെ അനുവാദമില്ലാതെ ഇതു സേവനദാതാക്കള്‍ ആര്‍ക്കും കൈമാറരുതെന്നുമാണ് ഇതുവരെയുണ്ടായിരുന്ന നിയമം. ഇന്റര്‍നെറ്റില്‍ ഒരാള്‍ ഏതൊക്കെ സൈറ്റുകളാണ് നോക്കുന്നത് എന്തൊക്കെയാണ് തിരയുന്നത് തുടങ്ങിയ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കാന്‍ ഇനി സേവനദാതാക്കള്‍ക്ക് കഴിയും.
കമ്പനികളുടെ മാര്‍ക്കറ്റിങ്ങിന് ഏറെ സഹായകരമാകുന്ന പുതിയ നിയമം വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കും. നിയമം ആര്‍ക്കും ദുരുപയോഗം ചെയ്യാനുമാകും. ബരാക് ഒബാമ സര്‍ക്കാരാണ് കഴിഞ്ഞ ഒക്‌ടോബറില്‍ ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് നിയമം കൊണ്ടുവന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നതായിരുന്നു ഇത്. ഈ നിയമമാണ് ട്രംപ് എടുത്തുകളഞ്ഞത്. ഒബാമയുടെ നിയന്ത്രണങ്ങള്‍ പ്രകാരം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങുന്നതുള്‍പ്പെടെ ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. ഇതൊന്നും ഇനി സേവനദാതാക്കള്‍ക്ക് ബാധകമാകില്ല. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സേവനദാതാക്കള്‍ക്ക് മാത്രം അറിയാമായിരുന്ന വിവരങ്ങള്‍ ഇനി പരസ്യമാകും. മിക്ക ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും കേന്ദ്രം അമേരിക്കയായതിനാല്‍ നിയമം ലോകത്തെ മുഴുവന്‍ ഉപഭോക്താക്കളെയും ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."