സീമ വിവാഹിതയാകുന്നു; ഒപ്പം നിര്‍ധന യുവതികള്‍ക്കും മാംഗല്യം
പത്താനപുരം: കൊല്ലം ഉളിയക്കോവില്‍ സ്വദേശി സീമ സന്തോഷ് വിവാഹപ്പന്തലിലെത്തുമ്പോള്‍ രണ്ട് നിര്‍ധന യുവതികളുടെ കൂടി മംഗല്യ സ്വ്പനങ്ങള്‍ പൂവണിയും.
രണ്ട് യുവതികള്‍ക്കു കൂടി മംഗല്യഭാഗ്യമൊരുക്കിയാണ് സീമ വിവാഹിതായുന്നത്. കൊല്ലം സീമാസ് ഗോള്‍ഡ് കവറിങ് സ്ഥാപന ഉടമയും റോട്ടറിക്ലബ്ബ് മുന്‍ അസി. ഗവര്‍ണറുമായ ബി സന്തോഷ് കുമാര്‍-എന്‍ താര ദമ്പതികളുടെ മകള്‍ സീമ വില്ലയില്‍ സീമ സന്തോഷും മങ്ങാട് വീണശ്ശേരി വീട്ടില്‍ കെ. രാജന്‍-സുധാ രാജന്‍ ദമ്പതികളുടെ മകന്‍ പ്രേംരാജനുമാണ് 9ന് ഗാന്ധിഭവന്‍ സ്‌നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ വിവാഹിതരാകുന്നത്.
ഇവരുടെ കല്യാണം നടക്കുന്ന അതേവിവാഹവേദിയില്‍ തന്നെ ആലപ്പുഴ പുന്നപ്ര സ്വദേശിനി കെ നിഷ മോളും ആലപ്പുഴ കണ്ടല്ലൂര്‍ വലിയഴിക്കല്‍ എന്‍ കവിതയും വിവാഹിതരാകും. ആലപ്പുഴ പുന്നപ്ര രണ്ടുതൈവിളയില്‍ കുഞ്ഞുമോന്‍-ഉഷ ദമ്പതികളുടെ മകള്‍ നിഷമോള്‍ക്ക് പുന്നപ്ര മഹാത്മ കോളനിയിലെ രാജന്‍-രേണുക ദമ്പതികളുടെ മകന്‍ രഞ്ജിത്തും ആലപ്പുഴ കണ്ടല്ലൂര്‍ വലിയഴിക്കല്‍ കുന്നുംപുറത്ത് കനകരാജന്‍- രേണുക ദമ്പതികളുടെ മകള്‍ എന്‍ കവിതയ്ക്ക് വലിയഴിക്കല്‍ കാട്ടില്‍പറമ്പില്‍ ദേവദാസ്-ധര്‍മ്മജ ദമ്പതികളുടെ മകന്‍ ശ്രീദേവും താലിചാര്‍ത്തും.
കൊല്ലത്തെ ഒരു കല്യാണമണ്ഡപത്തില്‍ ആഢംബരപൂര്‍ണമായി നടത്തേണ്ടിയിരുന്ന മകളുടെ വിവാഹം ആയിരത്തിലേറെ വരുന്ന അഗതികളുടെ ആശ്രയകേന്ദ്രമായ ഗാന്ധിഭവനില്‍ നടത്താന്‍ സുരേഷ് കുമാര്‍ തീരുമാനിക്കുകയായിരുന്നു. ആഢംബര വിവാഹ ചിലവുകള്‍ ഒഴിവാക്കി മകളുടെ വിവാഹദിനം തന്നെ രണ്ട് നിര്‍ധന യുവതികളുടെ കൂടി വിവാഹം നടത്താന്‍ ഈ മാതാപിതാക്കള്‍ തയ്യാറായതോടെ നിഷ മോള്‍ക്കും കവിതയ്ക്കും മംഗല്യഭാഗ്യം തെളിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുടെയും വിവാഹത്തിനായി രണ്ടുലക്ഷം രൂപ വീതമാണ് സുരേഷ്‌കുമാര്‍ ചിലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."