യമന്‍: സഖ്യസേന ഹുദൈദ തുറമുഖം ആക്രമിച്ചു
സന: യമനില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേന വിമതര്‍ക്കെതിരേ നിര്‍ണായക ആക്രമണം ആരംഭിച്ചു. ദശലക്ഷക്കണക്കിന് വരുന്ന യമന്‍ ജനതക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന ഹുദൈദ തുറമുഖത്തേക്കുള്ള ആക്രമണമാണ് ഇന്നലെ ആരംഭിച്ചത്. എന്നാല്‍ ആക്രമണത്തിലെ മരണ നിരക്കുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇറാന്‍ പിന്തുണയോടെയുള്ള വിമതരായ ഹൂതികള്‍ക്ക് തുറമുഖ നിയന്ത്രണത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള അന്ത്യശാസന സമയം കഴിഞ്ഞതോടെയാണ് സഖ്യസേന ആക്രമണം ആരംഭിച്ചത്.
ഹുദൈദയില്‍ ആക്രമണം നടത്തിയാല്‍ വന്‍ മാനുഷിക ദുരന്തമായിരിക്കം സംഭവിക്കുകയെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇത് അവഗണിച്ചാണ് വ്യോമാക്രമണം ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ ആരംഭിച്ചത്. തീവ്രവും ഏകോപിതവുമായ ആക്രമണങ്ങളാണ് ആരംഭിച്ചതെന്ന് സഊദി അറേബ്യയുടെ അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.യമനില്‍ മൂന്ന് വര്‍ഷമായി തുടരുന്ന ആക്രമണങ്ങളില്‍ ഏറ്റവും ശക്തമായ നീക്കമാണിത്. ചെങ്കടല്‍ തീരങ്ങളില്‍ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടുയള്ളവ എത്തിച്ചേര്‍ന്നുവെന്ന് യമന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഗോള്‍ഡന്‍ വിക്ടറിയെന്നാണ് ഇന്നലെ ആരംഭിച്ച ആക്രമണത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ശക്തമയി തിരച്ചടി നല്‍കുമെന്ന് ഹൂതി തലവന്‍ മുഹമ്മദ് അലി അല്‍ ഹൂതി പറഞ്ഞു. തന്ത്രപ്രധാനമായ ചെങ്കടലിലെ എണ്ണ ടാങ്കുകള്‍ ആക്രമിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് ഹൂതികളുടെ അല്‍ മസൈറ ടെലിവഷന്‍ അവകാശപ്പെട്ടു. ഹുദൈദ തുറമുഖം വഴി ഇറാന്‍ സഹായത്തോടെ വിമതര്‍ ആയുധം കടത്തുന്നുവെന്നാണ് സഖ്യസേനയുടെ ആരോപണം. ഇക്കാര്യം വിമതര്‍ നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ ആക്രമണം അവസാനിപ്പിച്ച് സഖ്യസേനയെയും ഹൂതികളെയും ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ യു.എന്‍ ആരംഭിച്ചു. യമനില്‍ രൂക്ഷമായ രീതിയില്‍ പട്ടിണി വ്യാപകമായിരിക്കെയുള്ള ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. 2014ല്‍ യമനിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വിമതര്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെയാണ് ഇവിടെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."