വരള്‍ച്ച കഠിനമാകുന്നു: നിരീക്ഷണ കിണറുകളിലെ ജലനിരപ്പ് താഴുന്നു
പാലക്കാട്: വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചന നല്കി ജില്ലയിലെ നിരീക്ഷണ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായ താഴ്ന്നു തുടങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണ കിണറുകളില്‍ മിക്ക കിണറുകളിലെയും ജലനിരപ്പ് താഴ്ന്നതായാണ് കാണുന്നത്.
സാധാരണയായി ഏപ്രില്‍ അവസാന വാരത്തോടെയാണ് നിരീക്ഷണ കിണറുകളിലെ ഭൂഗര്‍ഭ ജലനിരപ്പ് താഴാറുള്ളത്. ഇക്കുറി മാര്‍ച്ച് അവസാനത്തോടെ തന്നെ ക്രമാതീതമായി ജലത്തിന്റെ അളവ് കുറഞ്ഞതായിട്ടാണ് കാണുന്നത്. 13 ബ്ലോക്കുകളിലായി 35 കുഴല്‍കിണറുകളും 29 തുറന്ന കിണറുകളുമുള്പ്പെടെ 64 കിണറുകളിലെ ജലനിരപ്പ് നോക്കിയാണ് ജില്ലയിലെ വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും സ്ഥിതി വിലയിരുത്തുന്നത്.
പകുതിയിലധികം കുഴല്‍ കിണറുകളിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുവിധം കുറഞ്ഞതായാണ് കണ്ടെത്തിയത്. ജില്ലയില്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളായി കണക്കാക്കിയിട്ടുള്ള സ്ഥലങ്ങളിലെ കിണറുകളാണ് വറ്റിത്തുടങ്ങിയത്. 29 തുറന്ന കിണറുകളില്‍ പത്തെണ്ണത്തിലും ജലനിരപ്പ് കുറഞ്ഞതായി കണ്ടെത്തിയുണ്ട് മറ്റുള്ളവയുടെ സ്ഥിതിയും ആശാവഹമല്ല. വല്ലപ്പുഴയിലെ കിണറില്‍ ജലനിരപ്പ് എട്ടടിയോളം താഴോട്ടു പോയിട്ടുണ്ട്. നെല്ലായ, കൊല്ലങ്കോട്, അമ്പലപ്പാറ, പട്ടാമ്പി, ലക്കിടി, ആനക്കര, കൊടുവായൂര്‍, വണ്ടാഴി, പുതുക്കോട്, മേലാര്‍കോട്, പാലക്കാട്, മണ്ണൂര്‍ എന്നിവിടങ്ങളിലെ കുഴല്‍ കിണറുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറഞ്ഞതായിട്ടാണ് പറയുന്നത്. തുറന്ന കിണറുകള്‍ പരിശോധിച്ചതില്‍ പട്ടാമ്പി, നെന്മാറ, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലാണ് ആശങ്കയുണ്ടാക്കും വിധം ജലത്തിന്റെ കുറവ് അനുഭവപ്പെട്ടിട്ടുള്ളത്.
വേനല്‍ കനത്തതോടെ ജില്ലയിലെ 158 പ്രദേശങ്ങള്‍ കടുത്ത വരള്‍ച്ച നേരിടുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് നിരീക്ഷണ കിണറുകളിലെ ജലനിരപ്പ് കുറഞ്ഞതായി കണക്കുകള്‍ പുറത്തുവരുന്നത്. 2016 നെ അപേക്ഷിച്ച് കുറഞ്ഞത് നൂറടി താഴ്ചയിലേക്ക് ജലനിരപ്പ് താഴ്ന്നതായാണ് കണ്ടത്തലെന്നിരിക്കെ ജനം ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."