വെട്ടിപ്പിന്റെ പുതിയ അധ്യായം: തട്ടിക്കൂട്ട് കോണ്‍ക്രീറ്റ് വിനയായി
കാട്ടാക്കട: കലുങ്ക് നിര്‍മാണത്തിനായി വെട്ടിപ്പൊളിച്ച റോഡില്‍ തട്ടിക്കൂട്ട് കോണ്‍ക്രീറ്റ് നടത്തി കുഴി മൂടി. ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ പുതയുന്നത് തുടര്‍ക്കഥയാവുകയാണ്. വിളപ്പില്‍ശാല ആശുപത്രിക്ക് സമീപം അണാത്തുകുഴിയിലാണ് റോഡ് അപകട മുനമ്പായിരിക്കുന്നത്.
വിളപ്പില്‍ പഞ്ചായത്ത് രണ്ട് മാസം മുന്‍പാണ് അണമുഖം തോട് ഒഴുകുന്ന അണാത്തുകുഴിയില് കലുങ്ക് സ്ഥാപിക്കാന്‍ റോഡ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചത്. ഇവിടെ നീരൊഴുക്ക് നിലച്ചതിനാല്‍ കലുങ്ക് നിര്‍മിച്ച് ഓട പുനസ്ഥാപിക്കാനായിരുന്നു പഞ്ചായത്ത് പദ്ധതി. എന്നാല്‍ റോഡ് കുഴിച്ചു കഴിഞ്ഞാണ് അടിത്തട്ടില്‍ പാറയാണെന്ന് കണ്ടെത്തിയത്. പാറ പൊട്ടിച്ചുനീക്കി കലുങ്ക് നിര്‍മിക്കുവാന്‍ അനുവദിച്ച ഫണ്ട് തികയാതെയായി. ഇതോടെ കലുങ്ക് നിര്‍മാണം ഉപേക്ഷിച്ച് നീരൊഴുക്കിന് കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ടു മൂടി. ശക്തമായ മഴയായിരുന്നിട്ടും മണ്ണിനു മുകളില്‍ കോണ്‍ക്രീറ്റ് മിശ്രിതമിട്ട് കരാറുകാരന് പണി അവസാനിപ്പിച്ചു. അശാസ്ത്രീയമായ നിര്‍മാണത്തിനെതിരേ നാട്ടുകാര്‍ പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞയാഴ്ച ഒരു ലോറി ഇവിടെ പുതഞ്ഞതോടെ കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ അഞ്ചടിയോളം ഭാഗത്ത് ബലക്ഷയമുണ്ടായി. പിന്നിട് ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നു പോകാനാവാത്ത സ്ഥിതിയായി. ഇന്നലെ വൈകിട്ട് 5ന് റബ്ബര്‍ തടി കയറ്റിവന്ന മിനിലോറിയുടെ പിന്‍ഭാഗത്തെ ടയറുകള്‍ റോഡിലെ കോണ്ക്രീറ്റിട്ടിടത്ത് പുതഞ്ഞ് ലോറി ഒരു വശത്തേക്ക് ചരിഞ്ഞു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴിമാറിയത്.
വിളപ്പില്‍ശാല മുക്കംപാലമൂട്ടിലേക്കുള്ള പ്രധാന റോഡാണിത്. കെ.എസ്.ആര്.ടി.സി ബസ് സര്‍വിസുണ്ടായിരുന്നെങ്കിലും റോഡ് തകര്‍ന്നതോടെ സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്. നിരവധി സ്കൂള്‍ ബസുകളാണ് ദിവസേന ഇതു വഴി കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."