മേയറുടെ ഓഫിസ് ഉപരോധിച്ചു
തൃശൂര്‍: കുടിവെള്ളവിതരണത്തില്‍ കോര്‍പ്പറേഷന്‍ ഭരണനേതൃത്വം പുലര്‍ത്തുന്ന മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് ഉപരോധിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന മാര്‍ച്ചിനും ഉപരോധസമരത്തിന് ശേഷമാണ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കുടിവെള്ളവിതരണത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാരിനെക്കൊണ്ട് അനുവദിപ്പിക്കാന്‍ കഴിയാതിരുന്നതാണ് കുടിവെള്ളപ്രതിസന്ധിക്ക് കാരണം. ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളില്‍ കുടിവെള്ളം കൂടുതലായി എത്തിക്കുന്നുവെന്നും ആരോപണമുണ്ട്.
അതിനാല്‍ തന്നെ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളില്‍ പ്രതിഷേധവുമില്ല. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലേയ്ക്കായി കുടിവെള്ളവിതരണത്തിന് 35 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ച്ചയില്‍ തന്നെ തുക തീര്‍ന്നു. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ കാലഘട്ടം ആയിരുന്നിട്ടും ഈ പ്രതിസന്ധി മുന്നില്‍ കണ്ട് സര്‍ക്കാരില്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് സമ്മര്‍ദ്ധം ചെലുത്താന്‍ ഭരണനേതൃത്വം തയ്യാറായില്ല. 28 ഡിവിഷനുകളില്‍ കോര്‍പ്പറേഷന്‍ വാഹനത്തിലും 27 ഡിവിഷനുകളില്‍ കരാറുകാരുമാണ് ലോറിയില്‍ വെള്ളം വിതരണം ചെയ്യുന്നത്. ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള നാല് ലോറികളിലാണ് കോര്‍പ്പറേഷന്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്.
ചിയ്യാരം, കൂര്‍ക്കഞ്ചേരി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. കുടിവെള്ള കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് പോലും കൃത്യമായ അളവില്‍ വെള്ളം നല്‍കാന്‍ സാദിക്കുന്നില്ല. നാമമാത്രമായാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. ഉപരോധസമരം പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ പ്രസാദ് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ സുബി ബാബു, സി.ബി ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിയല്‍, എം.ആര്‍ റോസിലി, വത്സല ബാബുരാജ്, ജേക്കബ് പുലിക്കോട്ടില്‍, റാഫി ജോസ്, ഷീന ചന്ദ്രന്‍, ബിന്ദു കുട്ടന്‍, കരോളി ജോഷ്വ, ജയ മുത്തിപ്പീടിക, ഫ്രാന്‍സിസ് ചാലിശ്ശേരി, കെ.വി ബൈജു, ഷോമി ഫ്രാന്‍സിസ്, പ്രസീജ, ബി ഗീത, ജോര്‍ജ്ജ് ചാണ്ടി, പ്രിന്‍സി രാജു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."