ദാരുശില്‍പങ്ങള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കണം: കേരള ലളിതകലാ അക്കാദമി
തൃശൂര്‍: തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ വില്‍പന നടത്തി പണസമ്പാദനത്തിന് ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ കലാവസ്തുക്കളും രാജ്യത്തിന്റെ സ്വത്തായിരിക്കെ, ആറുനൂറ്റാണ്ടിലേറെ കാലത്തിന്റെ പഴക്കവും ഏത് മതസ്ഥര്‍ക്കും സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നതുമായ മധ്യകേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായിട്ടുള്ള ഇവിടുത്തെ ശില്‍പങ്ങള്‍ അപ്രത്യക്ഷമായത് തികച്ചും ദുരൂഹത നിറഞ്ഞതാണ്.
പൊതുസ്വത്തായി പരിഗണിക്കേണ്ടുന്ന ഇത്തരം സ്വത്തുക്കള്‍ പൊളിച്ച് വില്‍പന നടത്തുവാന്‍ ഇതിന്റെ ഭരണം നടത്തിവന്ന കമ്മറ്റിക്ക് അധികാരം ഇല്ലെന്നിരിക്കെ എല്ലാം വിറ്റു തുലക്കുക മാത്രമല്ല, അത്യപൂര്‍വ്വമായ ദ്വാരപാലകന്മാരുടെ ദാരുശില്‍പങ്ങള്‍ പോലും അപ്രത്യക്ഷമായതിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട്. ദാരുശില്‍പങ്ങള്‍ അപ്രത്യക്ഷമായ വിവരമറിഞ്ഞ് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി.
വിദേശ മാര്‍ക്കറ്റില്‍ കോടികള്‍ വില മതിക്കുന്ന ദാരുശില്പങ്ങള്‍ അപ്രത്യക്ഷമായതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള ലളിതകലാ അക്കാദമി പ്രമേയം വഴി അധികൃതരോട് ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ സത്യപാല്‍ യോഗത്തില്‍ അധ്യക്ഷനായി. സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ്, നിര്‍വ്വാഹകസമിതി അംഗങ്ങളായ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പോള്‍ കല്ലാനോട്, കവിത ബാലകൃഷ്ണന്‍, ബൈജുദേവ്, ശ്രീജ പള്ളം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."